വിലക്ക് ലംഘിച്ച് ചെറുമീനുകളെ പിടിക്കുന്നു; നടപടിയുമായി ഫിഷറീസ് വകുപ്പ്
text_fieldsഅമ്പലപ്പുഴ: വളര്‍ച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് കടലില്‍ മത്സ്യസമ്പത്ത് കുറയുമെന്നതിനാല്‍ ചില ചെറുമീനുകളെ പിടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെ മീൻ കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്ന രീതി തുടരുകയാണ്. പ്രത്യേകിച്ച് അയല, മത്തി തുടങ്ങിയ സുലഭമായി കിട്ടിയിരുന്ന മീനുകള്‍ കടലില്‍ കിട്ടാതായി. പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് വലയിലാക്കുന്നതോടെ പ്രജനനം നടക്കാതെ ഇവയുടെ സമ്പത്ത് ഇല്ലാതാകുകയാണ്.
തുടര്‍ന്നാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം കൊണ്ടുവരുന്നത്. 10 സെ.മീ താഴെയുള്ള മത്തി, 14 സെ.മീ താഴെയുള്ള അയല എന്നിങ്ങനെ വലുപ്പം കുറഞ്ഞ മീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമാകുന്നു എന്നാണ് ഫിഷറീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വർഷം വളർച്ച എത്താത്ത ചെറുമത്സ്യങ്ങൾ പിടിക്കാത്തത് മൂലം ഈ വർഷം നല്ല രീതിയിൽ മത്തി, അയല എന്നിവ ലഭിച്ചെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തോട്ടപ്പള്ളി ഹാർബറിൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച അനുഗ്രഹം വള്ളം ഫിഷറീസ് വകുപ്പ് പട്രോളിങ്ങിൽ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിച്ചിരുന്നു. ഫിഷറീസ് സ്റ്റേഷൻ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് ഗാർഡ് രാഹുൽ കൃഷ്ണൻ, ഷാനി, മുത്ത്രാജ്, മനു എന്നിവരും ഫിഷറീസ് ഓഫിസർ ആസിഫ്, സീ റെസ്ക്യൂ ഗാർഡുമാരായ രാഹുൽ, സ്രാങ്ക് റെജി എന്നിവർ ഉൾപ്പെട്ട സംഘമാണ് മീൻ പിടിച്ചെടുത്തത്. തുടര്‍ന്ന് എക്സ്റ്റൻഷൻ ഓഫിസർ നിയമ നടപടി സ്വീകരിച്ചു.
200 കിലോ ചെറിയ അയല നശിപ്പിച്ചു
സർക്കാർ നിശ്ചയിച്ച മിനിമം വലുപ്പത്തില്‍ താഴെയുള്ള 200 കിലോ ചെറിയ അയലയാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്ന് കണ്ടുകെട്ടി നശിപ്പിക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തത്. വരും ദിവസങ്ങളിലും കെ.എം.എഫ്.ആര് നിയമത്തിനു എതിരായി ചെറുമത്സ്യങ്ങളെ പിടിക്കുന്നത് പരിശോധിക്കും. ഇങ്ങനെ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. വള്ളം ഉടമയില്‍നിന്ന് 2.5 ലക്ഷം രൂപ വരെ പിഴയീടാക്കുകയും യാനത്തിലെ മത്സ്യം കണ്ടുകെട്ടി നിയമ നടപടി എടുക്കുമെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.