വറുതിയില്‍ കുടുങ്ങി തീരദേശം; തെരഞ്ഞെടുപ്പ് ആവേശമില്ല
text_fieldsഅമ്പലപ്പുഴ: തീരത്ത് അലയടിച്ചിരുന്ന തെരഞ്ഞെടുപ്പ് ആവേശം വറുതിയില്‍ കുടുങ്ങി. മത്സ്യത്തൊഴിലാളികള്‍ വലയുടെ കേടുപാടുകള്‍ തീര്‍ക്കുമ്പോഴും മത്സ്യം നീക്കുമ്പോഴും നടത്തിയ തെരെഞ്ഞടുപ്പ് ചര്‍ച്ച തീരത്തെങ്ങും കാണാനില്ല. മത്സ്യക്ഷാമവും രൂക്ഷമായ വേനൽച്ചൂടുമാണ് മേഖലയെ മ്ലാനതയിലാക്കിയത്.
തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ചർച്ച ചെയ്യപ്പെടാറുള്ള പ്രദേശങ്ങളിൽ ഒന്നാണ് തീരദേശഗ്രാമങ്ങൾ. എ.കെ.ജി, ഇന്ദിര പ്രിയദർശിനി, ഭാരത് മാത തുടങ്ങിയ പേരുകളിലുള്ള വള്ളങ്ങൾ കടലിലിറക്കുന്നുണ്ട്. ഇവയിൽ പാർട്ടി പതാക കാണാം. എന്നാൽ, ഒരു മാസമായി തുടരുന്ന കടുത്തമത്സ്യക്ഷാമം മേഖലയുടെ നടുവൊടിച്ചു. ചെറുവള്ളങ്ങളും പൊന്തുകളും കരയിൽ കയറ്റി. ഒറ്റക്ക് മത്സ്യബന്ധനം നടത്തുന്ന പൊന്തുവള്ളങ്ങളില്‍ ചിലതുമാത്രമാണ് കടലില്‍ ഇറക്കുന്നത്.
ലെയ്ലാൻഡ്പോലുള്ള കൂറ്റൻ വള്ളങ്ങൾ കൊച്ചി, മുനമ്പം ഹാർബറുകളിലാണ്. തോട്ടപ്പള്ളി, പുന്നപ്രചള്ളി, പറവൂർ തുടങ്ങിയ ഭാഗത്തെ മത്സ്യലേല ഹാളുകളുടെ പ്രവർത്തനവും മന്ദഗതിയിലായി. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പലരും വീടുകളിൽ മാത്രമായി ഒതുങ്ങി. പാർട്ടികളുടെ പ്രധാന പ്രവർത്തകർ മാത്രമാണ് പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കാനും കെട്ടാനും രംഗത്തുള്ളത്.
ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കൂട്ടംകൂടിയിരുന്ന തെരഞ്ഞെടുപ്പ് ചര്‍ച്ചകളും അവലോകനവും ഇത്തവണ കാണാനില്ല. എങ്കിലും സ്ഥാനാർഥി പ്രചാരണം എത്തുന്നതോടെ രംഗം ഉഷാറാകുമെന്നാണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.