നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ബണ്ട് പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവ്
text_fieldsഅമ്പലപ്പുഴ: പൊതുതോട് കൈയേറി സ്വകാര്യവ്യക്തി നിർമിച്ച ബണ്ട് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്. സി.പി.എം നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തരവ് തിരിച്ചടിയായി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് കരുമാടി പത്തിൽ തോട്ടിൽ മുക്കവലക്കൽ ഭാഗത്ത് നടത്തിയ അനധികൃത നിർമാണം പൊളിച്ചുമാറ്റാനാണ് നിർദേശം. 2017 മാർച്ചിലാണ് നീരൊഴുക്ക് തടസ്സപ്പെടുത്തി സ്വകാര്യ വ്യക്തി തോട് കൈയേറി ബണ്ട് നിർമിച്ചത്.
സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് നിർമാണമെന്ന ആരോപണം ശക്തമായിരുന്നു. പ്രദേശവാസികൾ പഞ്ചായത്തിൽ നൽകിയ പരാതിയെത്തുടർന്ന് നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകി. നികത്തിയത് പൂർവ സ്ഥിതിയിലാക്കാനും പഞ്ചായത്ത് നിർദേശിച്ചിരുന്നു. എന്നാൽ, പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനിൽക്കെ രാത്രി കാലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയായിരുന്നു.
നിര്‍മാണം നടക്കുന്ന വിവരം പ്രദേശവാസികൾ പഞ്ചായത്തിൽ അറിയിച്ചെങ്കിലും അന്ന് സി.പി.എം നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണസമിതി തുടർ നടപടികൾ സ്വീകരിക്കാൻ തയാറായില്ല. ഇതോടെ പ്രദേശവാസികൾ കരുമാടി വില്ലേജ് ഓഫിസിലും, ആർ.ഡി.ഒക്കും പരാതി നൽകി. തുടർന്ന് ആർ.ഡി.ഒ വില്ലേജ് ഓഫിസറിൽ നിന്ന് റിപ്പോർട്ട് തേടി. അനധികൃത നിർമാണമാണ് നടന്നതെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബണ്ട് പൊളിച്ചുമാറ്റാൻ ആർ.ഡി.ഒ പഞ്ചായത്തിന് നിർദേശം നൽകിയെങ്കിലും നടപ്പാക്കാൻ പഞ്ചായത്ത് തയാറായില്ല.
തുടർന്ന് പഞ്ചായത്ത് ഈ വിഷയത്തിൽ അദാലത്ത് നടത്തിയെങ്കിലും തോട് നികത്തിയ വ്യക്തിക്ക് അനുകൂലമായ നിലപാട് ഭരണസമിതി സ്വീകരിച്ചതിനാൽ ഇതിൽ തീരുമാനമായില്ല. പിന്നീട് കേസ് ലീഗൽ സർവിസ് അതോറിറ്റിക്ക് കൈമാറി. അതോറിറ്റി നടത്തിയ അദാലത്തിൽ ബണ്ട് പൊളിച്ചു മാറ്റാൻ നിർദേശം നൽകിയെങ്കിലും സ്വകാര്യ വ്യക്തി ഇതിന് തയാറായില്ല.
തുടർന്ന് ലീഗൽ സർവിസ് അതോറിറ്റി കേസ് മുൻസിഫ് കോടതിക്ക് കൈമാറി. കേസ് നടത്തുന്നതിന് അതോറിറ്റി അഡ്വ. പി.എസ്. പ്രദീപ് കിടങ്ങറയെ ചുമതലപ്പെടുത്തുകയും ചെയ്തു. 2018 മുതൽ കേസ് നടന്നു വരികയായിരുന്നു. മൂന്നു മാസത്തിനുള്ളിൽ തോട് പൂർവ സ്ഥിതിയിലാക്കാനും ആലപ്പുഴ മുൻസിഫ് കോടതി ഉത്തരവിട്ടിട്ടുണ്ട്. തോട് നികത്തിയതോടെ കഴിഞ്ഞ അഞ്ച് വർഷമായി പ്രദേശത്ത് മഴക്കാലത്ത് രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്.
തോടിന്റെ ഇരുകരയിലുമായി കഴിയുന്ന നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിലാണ്. സമീപത്തെ തെക്കേ മേലത്തും കരി, പൊയ്ക്കാരൻ അമ്പത് എന്നീ പാടശേഖരങ്ങളിലെ കൃഷിയും പ്രതിസന്ധിയിലായി. അനധികൃത ബണ്ട് നിർമാണത്തിനെതിരെ പ്രദേശ വാസികൾ പരാതി നൽകിയശേഷം പലരും തോടിന് കുറുകെ പാലമാണ് നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.