ഇതര ഇടത് സംഘടനകളെ കാമ്പസുകളിൽനിന്ന് തുരത്തി എന്തു നേടി: സമ്മേളന റിപ്പോർട്ടിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശം
text_fieldsആലപ്പുഴ: ഇതര ഇടത് വിദ്യാർഥി സംഘടനകളെ കാമ്പസുകളിൽനിന്ന് തുരത്തി എസ്.എഫ്.ഐ എന്തുനേടിയെന്ന് ആലോചിക്കണമെന്ന് എ.ഐ.എസ്.എഫ് സംഘടന റിപ്പോർട്ട്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് എസ്.എഫ്.ഐക്ക് രൂക്ഷ വിമർശം. സംസ്ഥാനത്തെ മിക്ക കോളജുകളിലും ധാർഷ്ട്യത്തോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പെരുമാറുന്നത്. ബദ്ധശത്രുക്കളോടെന്ന പോലെ, ഇടതു വിദ്യാർഥി സംഘടനയെന്നതുപോലും മാറ്റിവെച്ചാണ് ആക്രമണം അഴിച്ചുവിടുന്നത്. കോട്ടയത്ത് സെനറ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന ജോ. സെക്രട്ടറി നിമിഷ രാജുവിനെതിരെ മര്യാദകൾ ലംഘിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു. രാജ്യത്താകെ എ.ഐ.എസ്.എഫിനെ തുരത്താനാണ് എസ്.എഫ്.ഐ തിടുക്കം കാട്ടുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും പ്രധാന സർവകലാശാലകളിലും അപ്രമാദിത്വമുണ്ടായിരുന്ന എസ്.എഫ്.ഐ തിരിഞ്ഞുനോക്കുന്നത് നന്നാകുമെന്നും ഇവിടങ്ങളിലൊക്കെ എ.ഐ.എസ്.എഫിനെ തുരത്തിയപ്പോൾ കടന്നുവന്നത് ആരാണെന്ന് കണക്കെടുക്കുന്നത് നല്ലതാണെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു.
ഏക വിദ്യാർഥി സംഘടന എന്ന വാദത്തെയും തള്ളിക്കളയുന്നു സംഘടന റിപ്പോർട്ട്. ഏതെങ്കിലും ഒരു വിദ്യാർഥി സംഘടനക്ക് വേരോട്ടമുള്ളിടത്ത് മറ്റ് സംഘടനകളെ അനുവദിക്കില്ലെന്ന സമീപനം ഫാഷിസമാണ്. ആശയപരമായി ന്യായീകരിക്കാൻ കഴിയാത്തതും സ്വേച്ഛാധിപത്യവുമാണിതെന്നും ഇതിനെതിരെ പോരാട്ടം കടുപ്പിക്കണമെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഒഴുക്കിനെതിരെ നീന്താൻ ആഹ്വാനം ചെയ്താണ് റിപ്പോർട്ട് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.