റോഡ് നിർമാണത്തിലെ കാലതാമസം; എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ചു
text_fieldsഅമ്പലപ്പുഴ: റോഡ് നിർമാണത്തില്‍ കാലതാമസം വരുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെ ഉപരോധിച്ച് എച്ച്. സലാം എം.എൽ.എ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 11ാം വാർഡിൽ എൽ.എസ്.ജി.ഡിയിൽ 64 ലക്ഷം രൂപ ചെലവിൽ നിർമാണമാരംഭിച്ച റോഡാണ് ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തിയത്. ഇതിനെതിരെ നിർമാണ പ്രവർത്തികളുടെ ചുമതലയുള്ള അമ്പലപ്പുഴ ബ്ലോക്കിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിലാണ് എച്ച്. സലാം എം.എൽ.എ ഒന്നര മണിക്കൂർ നേരം കുത്തിയിരുന്നത്. മാർച്ച് 29നുള്ളിൽ ടാറിങ് ജോലികൾ പൂർത്തിയാക്കാമെന്ന രേഖാമൂലമുള്ള ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
കാക്കാഴം മുരളി മുക്ക് മുതൽ പയ്യംപള്ളി വരെ 800 മീറ്റർ നീളം വരുന്ന റോഡ് ഒന്നര വർഷം മുമ്പാണ് നിർമാണമാരംഭിച്ചത്. എന്നാല്‍, സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് കരാറുകാരന് പണി നിർത്തിവെച്ചു. ഇത് നാട്ടുകാരെ ദുരിതത്തിലാക്കി.
തുടർന്ന് എച്ച്. സലാമിന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് റോഡിന്റെ നിർമാണത്തിന് ആവശ്യമായ തുക അനുവദിച്ചു. എം.എൽ.എ ഓഫിസിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ കരാറുകാരൻ കൂടി പങ്കെടുത്ത യോഗത്തിൽ മാർച്ച് 20 ന് മുമ്പ് റോഡ് ടാർ ചെയ്ത് പൂർത്തിയാക്കാമെന്ന് കരാറുകാരനും ഉദ്യോഗസ്ഥരും ഉറപ്പുനൽകി. ഇതനുസരിച്ച് കരാറുകാരൻ മെറ്റൽ വിരിച്ച് ഒരു മാസം പിന്നിട്ടിട്ടും റോഡ് ടാർ ചെയ്യുന്നതിന് ആവശ്യമായ റിപ്പോർട്ട് നൽകിയില്ല. തുടർന്നാണ് ടാറിങ് ജോലികൾ തടസപ്പെട്ടത്.
മൂന്നു മീറ്റർ ടാറിങും ഇരുഭാഗത്തുമായി ഒരു മീറ്റർ കോൺക്രീറ്റ് ചെയ്തു പൂർത്തിയാക്കേണ്ട റോഡിൽ ടാറിങ് ജോലികൾക്ക് ശേഷമാണ് കോൺക്രീറ്റ് ജോലികൾ ചെയ്യേണ്ടത്. മെറ്റൽ നിരത്തിയെങ്കിലും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുകയായിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ഉപരോധിക്കാന്‍ തീരുമാനിച്ചത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, സ്ഥിരം സമിതി അധ്യക്ഷൻ പ്രജിത് കാരിക്കൽ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, സി. ഷാംജി ഉൾപ്പടെയുള്ളവർ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.