തെരുവുമക്കള്‍ക്ക് വിശപ്പകറ്റാന്‍ കാരുണ്യമതികള്‍ കനിയണം
text_fieldsഅമ്പലപ്പുഴ: തെരുവുമക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തി ഭവൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. മനോനില തെറ്റി തെരുവിൽ അലഞ്ഞിരുന്നവരെ സംരക്ഷിക്കാൻ 1997 ജനുവരി 30നാണ് ശാന്തിഭവൻ പ്രവർത്തനമാരംഭിച്ചത്. നിലവിൽ വിവിധ മതസ്ഥരും ഭാഷക്കാരുമായ 150ഓളം അന്തേവാസികളാണ് ഇവിടെ കഴിയുന്നത്. ഇതിൽ 30 പേർക്ക് മാത്രമാണ് സർക്കാർ ഗ്രാന്റുള്ളത്. രണ്ടുവർഷമായി അതും ലഭിക്കുന്നില്ല.
യു.ഡി.എഫ് ഭരണ കാലത്ത് 60ഓളം പേർക്ക് ഗ്രാന്റ് ലഭിച്ചിരുന്നെന്നും മാനേജിങ് ട്രസ്റ്റി മാത്യു ആൽബിൻ പറയുന്നു. മുൻ കാലങ്ങളിൽ സൗജന്യ റേഷൻ ലഭിച്ചിരുന്നു. ഇപ്പോൾ പണം കൊടുത്താണ് റേഷൻ വാങ്ങുന്നത്. 125 പേർക്ക് റേഷൻ കാർഡിൽ പേരുണ്ടെങ്കിലും ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. 30,000 രൂപ ഒരു ദിവസത്തെ ചെലവിനായി വേണം. വൈദ്യുതി ചാർജ്, വെള്ളം തുടങ്ങിയ ചെലവ് വേറെ. 20ഓളം ജീവനക്കാരുണ്ട്.
ഇവിടുത്തെ പരിചരണത്തിലൂടെ രോഗം ഭേദമായി നാടുകളിലേക്ക് തിരിച്ചു പോയവരും നിരവധിയാണ്. നാനാജാതി മതസ്ഥരുടെ കാരുണ്യം കൊണ്ടായിരുന്നു ദൈനംദിന ചെലവുകൾ നടന്നു വന്നിരുന്നത്. എന്നാൽ കുട്ടനാട്ടിലെ കൃഷി നാശവും, ട്രോളിങ് നിരോധനം മൂലമുണ്ടായ കടുത്ത വറുതിയും, ചെറുകിട ബിസിനസുകാർ അടക്കമുള്ളവരുടെ സാമ്പത്തിക പ്രശ്നവും വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. അന്തേവാസികളുടെ അന്നം മുടങ്ങാതിരിക്കാൻ ശാന്തിഭവൻ അധികൃതർ തെരുവിലേക്കിറങ്ങേണ്ട ഗതികേടിലാണ്. ഈ സാഹചര്യത്തിൽ വിവാഹം, മറ്റ് അടിയന്തിര ചടങ്ങുകളുടെയും ആഘോഷ വേളയിലും മിച്ചം വരുന്ന ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴയ വസ്ത്രങ്ങൾ, തുടങ്ങിയവ തരാൻ സന്മനസ്സുള്ളവർ 9447403035 നമ്പരിൽ ബന്ധപ്പെടണമെന്ന് ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.