ചാകര പ്രതീക്ഷയില്‍ മത്സ്യത്തൊഴിലാളികൾ
text_fieldsഅമ്പലപ്പുഴ: ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ചാകര പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ബോട്ടുകൾ കരക്കു കയറുന്നതോടെ ചാകര സമയത്ത് പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് മികച്ച വില ലഭിക്കാറുണ്ട്. ഇതാണ് വള്ളത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പ്രതീക്ഷ പകരുന്നത്. കുറച്ച് നാളുകളായി വറുതി മൂലം നട്ടം തിരിയുകയായിരുന്നു മത്സ്യത്തൊളികളും വള്ളം ഉടമകളും അനുബന്ധതൊഴിലാളികളും. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ കടല്‍ ഇളകിമറിഞ്ഞതിന് ശേഷമാണ് തീരം ശാന്തമാകുന്നത്. ചാകര തെളിഞ്ഞാൽ വള്ളമിറക്കാനുള്ളള തയാറെടുപ്പിലാണ് വള്ളമുടമകൾ.
ലെയ്ലാൻഡ്, ബീഞ്ച്, ഡിസ്കോ വള്ളങ്ങൾക്ക് ട്രോളിങ് നിരോധനം ബാധകമല്ല. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് പ്രതീക്ഷയുള്ളത് ട്രോളിങ് സമയമാണ്. ഇത് കണക്കാക്കി പലരും പുതിയവളളങ്ങൾ കടലിൽ ഇറക്കാൻ കാത്തിരിക്കുകയാണ്. ലക്ഷങ്ങൾ കടം വാങ്ങിയാണ് വള്ളവും വലയും തരപ്പെടുത്തിയിട്ടുളളത്. കൂടാതെ പഴയ വളളങ്ങൾ മാസങ്ങളോളം കരക്ക് കയറ്റിവെച്ച് അറ്റകുറ്റപ്പണികൾ നടത്തിയും വലകളിലെ പോരായ്മകള്‍ നെയ്തെടുത്തും ചാകരയുടെ വരവും കാത്തിരിക്കുകയാണ്. ചെറിയ ഒരു വള്ളം കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു തിരികെയെത്തുമ്പോൾ 5000 രുപയോളം ഇന്ധന ചെലവ് മാത്രം വരും. ലെയ്ലാൻഡ് ഇനത്തിൽ പെട്ട വള്ളമാകുമ്പോൾ തുക ഇരട്ടിയിലധികമാകും.
ഇതേ രീതിയിൽ പ്രതീക്ഷയിൽ കടലിലിറക്കിയ പല വള്ളങ്ങൾക്കും പൊടിമീൻ പോലും കിട്ടാതായിട്ടുണ്ട്. മീന്‍ കിട്ടിയില്ലെങ്കിലും തൊഴിലാളികള്‍ക്ക് ബാറ്റ നല്‍കണം. ഇങ്ങനെ വൻ കടക്കെണിയിലാണ് പല വള്ളം ഉടമകളും. എങ്കിലും ഇത്തവണ ട്രോളിങ് സമയം പ്രതീക്ഷകൾ ഫലം കാണുമെന്ന വിശ്വാസത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.