'പദ്ധതികൾ നിറഞ്ഞ്' ഗാന്ധി സ്മൃതിവനം; വീണ്ടും പ്രതീക്ഷ
text_fieldsഅമ്പലപ്പുഴ: കാത്തിരിപ്പിന് ഇനിയെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇല്ലിച്ചിറ നിവാസികൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിവിധ പദ്ധതികള്‍ക്ക് സാക്ഷ്യം വഹിച്ച മണക്കല്‍ പാടശേഖരം വിഷപ്പാമ്പുകളുടെയും നീര്‍നായ്ക്കളുടെയും വിഹാര കേന്ദ്രമാണ്. സ്മൃതി വനപദ്ധതി പ്രദേശത്ത് 85 ലക്ഷം ചെലവിൽ രണ്ടര ഏക്കറിൽ ജില്ല നഴ്സറി എന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. നൂറുമേനി വിളവുള്ള പുറക്കാട്ടെ 636 ഏക്കർ മണക്കൽ പാടശേഖരം വനമില്ലാത്ത ആലപ്പുഴക്ക് ഒരു നിര്‍മിത വനം ലക്ഷ്യമിട്ടാണ് ഏറ്റെടുത്ത് 1994ല്‍ പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ താല്പര്യം കാട്ടാതിരുന്നതോടെ പ്രദേശം കാടുകയറി.
പാമ്പുകളുടെ കടിയേറ്റ് നിരവധി പേരാണ് മരിച്ചത്. വി.എസ് സർക്കാറിെൻറ കാലത്ത് ഐ.ടി പാർക്ക് ആരംഭിക്കാൻ കോടികൾ ചെലവഴിച്ച് 100 ഏക്കർ ഭൂമി നികത്തി. ലക്ഷങ്ങൾ ചെലവഴിച്ച് ഉദ്ഘാടന മാമാങ്കവും നടത്തി. പിന്നീട് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചതോടെ ഇതും കടലാസിലൊതുങ്ങി. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ വനം വകുപ്പ് നേതൃത്വത്തിൽ ഇക്കോ ടൂറിസത്തിന് നടപടി ആരംഭിച്ചു. ഇതിനായി ഐ.ടി പാര്‍ക്ക് പദ്ധതിയില്‍ വകയിരുത്തിയ രണ്ട് കോടിയിൽ ഒരു കോടി വനം വികസന കോർപറേഷെൻറ ഇക്കോ ടൂറിസം വകുപ്പിന് കൈമാറി. 160 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു.
ഇതിനായി പുറംബണ്ട് നിർമാണത്തിന് കരാറും നൽകി. ദേശീയ ജലപാതയോരത്ത് വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നതോടെ ടി.എസ് കനാലിലൂടെ കടന്നുപോകുന്ന ഹൗസ്ബോട്ടുകളിലെ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന തലത്തിലായിരുന്നു പദ്ധതി ലക്ഷ്യം. പുന്തലയിൽ ഓഫിസ് തുറന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നേതൃത്വത്തില്‍ വനം വികസന കോര്പറേഷന് ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് പുറക്കാട് മണക്കല്‍ പാടശേഖരം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. സംയുക്ത കൃഷിയോടൊപ്പം ടൂറിസവുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ഇതും വെളിച്ചം കണ്ടില്ല.
ഇപ്പോൾ ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ പ്രതിവർഷം 3000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനെന്ന പേരിൽ ജില്ല നഴ്സറി പദ്ധതിക്ക് തുടക്കമാകുന്നത്. ഗുണമേന്മയുള്ള വൃക്ഷത്തൈകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതാണ് പദ്ധതി. ജില്ല സാമൂഹിക വനവത്കരണ വിഭാഗത്തിെൻറ പുതിയ പദ്ധതിയുടെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾക്കായി ചെലവഴിച്ച കോടികൾ സർക്കാർ ഖജനാവിൽനിന്ന് പാഴായി. ഇനിയെങ്കിലും ഗാന്ധി സ്മൃതിവനം പ്രദേശത്തിന് ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.