അമ്പലപ്പുഴയിൽ മാലിന്യ ശേഖരണം തകൃതി; സംസ്കരിക്കൽ തഥൈവ
text_fieldsഅമ്പലപ്പുഴ: പുറക്കാട്, അമ്പലപ്പുഴ തെക്ക്-വടക്ക്, പുന്നപ്ര തെക്ക്-വടക്ക് പഞ്ചായത്തുകളിൽ മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നു. അവ സംസ്കരിക്കാൻ സംവിധാനമില്ല. മാലിന്യ ശേഖരണത്തില്‍ ഹരിതകര്‍മ സേനയുടെ പങ്ക് പ്രശംസനീയമാണ്. പഞ്ചായത്തുകൾ ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുമുണ്ട്. ഹരിതകര്‍മ സേന അംഗങ്ങൾ വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാറുണ്ട്. ശേഖരിക്കുന്നവ മിനി എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സെന്ററുകളില്‍ സൂക്ഷിക്കും. ഇവിടെ നിന്നും പിന്നീട് പഞ്ചായത്തിലെ പ്രധാന എം.സി.എഫിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
വാര്‍ഡുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം മിനി എം.സി.എഫില്‍ എത്തിക്കാന്‍ ഹരിതകര്‍മ സേനക്ക് ട്രോളികള്‍ നല്‍കിയിട്ടുണ്ട്. ഇവ പ്രധാന എം.സി.എഫില്‍ എത്തിക്കാൻ പ്രത്യേക വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ വാടകക്ക് വാഹനം തരപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ വിഹിതം നല്കി പഞ്ചായത്തുകളിലെ വിവിധ വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കുപ്പിച്ചില്ലും ചെരിപ്പുകളും ശേഖരിക്കുന്നില്ല
കുപ്പിച്ചില്ലുകള്‍, പഴയ തുണികൾ, ചെരിപ്പുകള്‍ തുടങ്ങിയവ ശേഖരിക്കാനുള്ള നടപടികള്‍ പല പഞ്ചായത്തിലും നടപ്പാക്കിയിട്ടില്ല. വീടുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ 50 രൂപയും സ്ഥാപനങ്ങളില്‍ നിന്നും 100 രൂപയുമാണ് ഈടാക്കുന്നത്. സ്ഥാപനങ്ങളില്‍ മാസംതോറും എത്താറുണ്ടെങ്കിലും മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കാറില്ലെന്ന ആക്ഷേപം ഉടമകള്‍ പറയുന്നു.
പുന്നപ്ര തെക്ക് മോഡലിന് സ്വരാജ് പുരസ്കാരം
കലണ്ടര്‍ പ്രകാരം മാലിന്യം ശേഖരിക്കുന്ന ജില്ലയിലെ ഏക പഞ്ചായത്താണ് പുന്നപ്ര തെക്ക്. ഇതിന് ജില്ലയിൽ സ്വരാജ് പുരസ്കാരത്തിന് പഞ്ചായത്ത് അർഹമായി. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് ജില്ലയിലെ സ്വരാജ് പുരസ്കാരത്തിന് അർഹത നേടിയത്.
എല്ലാ വീടുകളിലും മാലിന്യ ഉറവിട സംസ്കരണത്തിന് ഏതെങ്കിലും തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള സംസ്ഥാനത്തെ ഏക പഞ്ചായത്താണ് പുന്നപ്ര തെക്ക്. കടലും കായലും ചെറുതും വലുതുമായ തോടുകളുമുള്ള 7850 കുടുംബങ്ങളുമുണ്ട് പഞ്ചായത്തിൽ. വീടുകളില്‍ നടത്തിയ സര്‍വേയില്‍ മാലിന്യ ഉറവിടം സംസ്കരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളില്‍ ഉപഭോക്തൃ വിഹിതം അടക്കാന്‍ ശേഷിയുള്ള വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകളും മറ്റ് വീടുകളില്‍ വിഹിതം വാങ്ങി ബിന്നുകളും സ്ഥാപിച്ചു. മാലിന്യം ശേഖരിക്കാന്‍ ഇലക്ട്രിക് വാഹനവും സ്വന്തമായി വാങ്ങി.
വലിച്ചെറിയൽ മുക്തമാകുന്നില്ല
ഇങ്ങനെയൊക്കെയാണെങ്കിലും പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന രീതി പലയിടങ്ങളിലും കാണുന്നുണ്ട്. ജലാശയങ്ങളിലും ഒഴിഞ്ഞ പുരയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്ന ശീലം പലരും തുടരുകയാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് അമ്പലപ്പുഴ വടക്ക്. ആശുപത്രി വളപ്പിലൂടെയാണ് മാലിന്യവാഹിനിയായ കാപ്പിത്തോട് കടന്നുപോകുന്നത്. രോഗികള്‍ മാലിന്യം തോട്ടിലേക്ക് വലിച്ചെറിയുന്ന ശീലമുണ്ടായിരുന്നു.
കാപ്പിത്തോടിന് മുകളില്‍ കമ്പി അഴികള്‍ സ്ഥാപിച്ച് പരിഹാരം കണ്ടെത്തി. കൂടാതെ ആശുപത്രി വളപ്പില്‍ കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് നീക്കംചെയ്തു. ആശുപത്രി വളപ്പിലെ മാലിന്യസംസ്കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനവും സജീവമാക്കി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.