10 കോടി കുടിശ്ശിക; ഗവ. ഡെന്റൽ കോളജ് കെട്ടിടം പണി അവതാളത്തിൽ
text_fieldsഅമ്പലപ്പുഴ: ഗവ. ഡെന്റൽ കോളജ് കെട്ടിട നിർമാണം അനിശ്ചിതമായി നീളുന്നു. ഇതോടെ സൗകര്യങ്ങൾ കുറഞ്ഞ പാരാമെഡിക്കൽ കെട്ടിടത്തിലാണ് കോളജിന്റെ പ്രവർത്തനം.കോളജിന്റെ ഒന്നാം ഘട്ടം പണി മാത്രമാണ് പൂർത്തിയായത്. രണ്ടാം ഘട്ടം പണിയാണ് പാതിവഴിയിലായത്. മൂന്ന് ബില്ലുകളിലായി 10 കോടിയാണ് കരാർ ഏജൻസിക്ക് സർക്കാർ നൽകാനുള്ളത്. ഒരു വർഷത്തിലേറെയായി നിർമാണം ഇഴയുകയാണ്.
2014 ആഗസ്റ്റ് 16ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോളജ് ഉദ്ഘാടനം ചെയ്തത്. ഒന്നാം ഘട്ടത്തിന് 26.7 കോടിയും രണ്ടാം ഘട്ടത്തിന് 31.74 കോടിയും അടക്കം ആകെ 58.44 കോടി അനുവദിച്ചിരുന്നു. എന്നാൽ, കെട്ടിടം നിർമാണം 2017ലാണ് തുടങ്ങിയത്. രണ്ടു വർഷത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയായി കോളജ് ഇവിടേക്ക് മാറ്റുമെന്നാണ് അധികാരികൾ അറിയിച്ചത്. 50 വിദ്യാർഥികൾക്കാണ് പ്രവേശനം. ഇന്ത്യൻ ഡെന്റൽ കൗൺസിൽ പ്രതിനിധികൾ എല്ലാ വർഷവും പരിശോധന നടത്തി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിർദേശിക്കാറുണ്ട്.
നിലവിലെ കെട്ടിടത്തിലാണ് കോളജും ആശുപത്രിയും പ്രവർത്തിക്കുന്നത്. ഇവിടെ ക്ലാസ് മുറികളും ആശുപത്രിയും പ്രവർത്തിക്കുന്നത് അസൗകര്യങ്ങൾക്ക് നടുവിലാണ്. രോഗികൾക്ക് ഇരിക്കാൻപോലും സൗകര്യം കുറവാണ്. പരിശോധന കഴിഞ്ഞ് തുടർചികിത്സക്ക് മൂന്ന് മുതൽ ആറുമാസം വരെ കാലാവധിയാണ് നൽകി വരുന്നത്.ദിവസവും 100 മുതൽ 170 രോഗികൾ വരെ ചികിത്സ തേടിയെത്തുന്നുണ്ട്.
'കോവിഡ് കാലത്ത് നിലവിലുണ്ടായിരുന്ന ഒ.പി സമയം രാവിലെ ഒമ്പത് മുതൽ 12 വരെയായിരുന്നു.കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഈ സമയം തുടർന്നത് രോഗികൾക്ക് ബുദ്ധിമുട്ടായി. ഒടുവിൽ പ്രിൻസിപ്പൽ ഇടപെട്ട് ഒ.പി സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയാക്കി. കെട്ടിട നിർമാണം അനന്തമായി നീണ്ടാൽ കോളജിന്റെ അംഗീകാരം പ്രതിസന്ധിയിലാകും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാർക്ക് തുക നൽകി നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.