വിജയത്തുടർച്ചയേകി എച്ച്. സലാം
text_fieldsഅമ്പലപ്പുഴ: കേരളരാഷ്ട്രീയം ഉറ്റുനോക്കിയ അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന് പിൻഗാമിയായി സി.പി.എമ്മിലെ എച്ച്. സലാമിന് വിജയം. കോൺഗ്രസിലെ എം. ലിജുവിനെയാണ് തോൽപിച്ചത്. കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി ജി. സുധാകരൻ ജയിച്ച മണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫ് നിലനിർത്തിയത് സലാമിലൂടെയാണ്. യു.ഡി.എഫ് മണ്ഡലമായ അമ്പലപ്പുഴ ജി. സുധാകരനിലൂടെ 2010ലാണ് സി.പി.എം പിടിച്ചെടുക്കുന്നത്. കയർ സഹകരണ മന്ത്രിയായിരുന്ന അദ്ദേഹം ഏറ്റെടുത്ത വകുപ്പിൽ നടത്തിയ വികസനപ്രവർത്തനം രണ്ടാം വിജയത്തിന് തിളക്കമേറ്റി.
പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രിയായ അദ്ദേഹം നടത്തിയ വികസനപ്രവർത്തനങ്ങളാണ് സലാമിെൻറ വിജയത്തിന് വഴിതെളിച്ചത്. സലാമിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുധാകരൻ വേണ്ടത്ര ശ്രദ്ധനൽകിയില്ലെന്ന ആരോപണം പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലെ ഒരുഅംഗം സി.പി.എം നേതൃത്വത്തിന് പരാതി നൽകിയതും ഏറെ രാഷ്ട്രീയ കോളിളക്കത്തിന് വഴിയൊരുക്കി. തുടർന്ന് അദ്ദേഹം നടത്തിയ വാർത്തസമ്മേളനത്തിൽ ചില രാഷ്ട്രീയ ക്രിമിനലുകൾ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന പരാമർശം പാർട്ടിക്കുള്ളിൽ മറ്റൊരു വിവാദത്തിന് വഴിവെച്ചു. അതേ വാർത്തസമ്മേളനത്തിൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പേഴ്സനൽ സ്റ്റാഫിെൻറ ഭാര്യ പൊലീസിൽ നൽകിയ പരാതിയും ചർച്ചകൾക്ക് വഴിയൊരുക്കി. എന്നാൽ, അമ്പലപ്പുഴയിലെ എൽ.ഡി.എഫ് വിജയത്തിലൂടെ വിവാദങ്ങൾ കെട്ടടങ്ങാനാണ് സാധ്യത.
രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്രയുടെ മണ്ണ് വീണ്ടും ചുവപ്പണിഞ്ഞപ്പോഴും ഭൂരിപക്ഷം കുറഞ്ഞു. സുധാകരൻ 2006ൽ 11,929 ഉം 2011ൽ 16,580 ഉം 2016ൽ 22,621 വോട്ടുകൾക്കുമാണ് വിജയിച്ചത്. വോട്ടെണ്ണൽ തുടങ്ങിയതുമുതൽ എല്ലാ റൗണ്ടിലും സലാംതന്നെയായിരുന്നു മുന്നിൽ. യു.ഡി.എഫിന് മുന്നേറ്റം പ്രതീക്ഷിച്ച മേഖലകളിലും സലാം വലിയ മേൽക്കൈ നേടി. സുധാകരനെ ഒഴിവാക്കിയതിലൂടെ മണ്ഡലം നഷ്ടപ്പെടുമെന്ന ആശങ്ക ഒരുവിഭാഗം പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു.
ഇതിനൊപ്പം ഇടത് സ്ഥാനാർഥിക്കെതിരെ പല ആക്ഷേപങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു യു.ഡി.എഫ്. എന്നാൽ, വോട്ടുപെട്ടി തുറന്നപ്പോൾ ഇതൊന്നും ഫലം കണ്ടില്ല.
ഭൂരിപക്ഷം ഇത്ര പ്രതീക്ഷിച്ചിരുന്നില്ലെന്ന് സലാമിെൻറ ഭാര്യ
അമ്പലപ്പുഴ: വിജയം ഉറപ്പായിരുന്നെങ്കിലും ഭൂരിപക്ഷം ഇത്രയും പ്രതീക്ഷിച്ചില്ലെന്നായിരുന്നു അമ്പലപ്പുഴയിൽ വിജയിച്ച സി.പി.എം പ്രതിനിധി എച്ച്. സലാമിെൻറ ഭാര്യ നിഷാത്ത് മുഹമ്മദ്.
പതിവിലും രാവിലെതന്നെ വണ്ടാനം ഉച്ചിപ്പുഴയിലേക്ക് പലരും വന്നുതുടങ്ങി. വോട്ടെണ്ണൽ നടക്കുന്ന ആലപ്പുഴ സെൻറ് ജോസഫ് സ്കൂളിലേക്ക് പോകാൻ തയാറായ സലാമിന് വിജയാശംസകൾ നൽകി.
പതിവുപോലെ ഉമ്മയുടെ അനുഗ്രഹം വാങ്ങിയാണ് യാത്ര പറഞ്ഞിറങ്ങിയത്.
വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മകെൻറ വിജയം അറിയാൻ ടി.വിയുടെ മുന്നിലെ കസേര കൈയടക്കി എച്ച്. സലാമിെൻറ ഉമ്മ ബീവി ഇരിപ്പായി. അയൽവാസികളും ബന്ധുക്കളും ഒപ്പംകൂടി. ലീഡ് വർധിക്കുന്നതൊപ്പം കൈയടിച്ച് വിജയം ആഹ്ലാദിച്ചു. ഉച്ചയോടെ വിജയം ഉറപ്പായതോടെ അയൽവാസികളായ യുവാക്കൾ വീടിന് സമീപം പടക്കംപൊട്ടിച്ച് വിജയം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.