കൈവരികള്‍ തകര്‍ന്നു; കാക്കാഴം പഴയപാലം ദുരന്തഭീതിയിൽ
text_fieldsഅമ്പലപ്പുഴ: പഴയ രാജവീഥിയിലെ കാക്കാഴം പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് ദുരന്തഭീതിയില്‍. രാജഭരണകാലത്ത് നിര്‍മിച്ച പാലം ചെമ്പകശ്ശേരിയിലെ തന്നെ പ്രധാനപാലമായിരുന്നെന്നാണ് പഴമക്കാര്‍ പറയുന്നത്.
മലനാടും തീരദേശവുമായി കച്ചവടം നടത്തിയിരുന്ന കാപ്പിത്തോടിന് കുറുകെയുണ്ടായിരുന്ന രാജവീഥിയുടെ കിരീടമായിരുന്നു കാക്കാഴം പാലം. ദേശീയപാത ആയതോടെ റോഡിന്റെ വളവും തിരിവും നീക്കുന്നതിന്റെ ഭാഗമായി അതിനോട് ചേര്‍ന്ന് പുതിയ പാലം നിര്‍മിച്ചു. ശേഷം നാട്ടുകാർ പുതിയപാലത്തെയാണ് ആശ്രയിച്ചിരുന്നത്. പിന്നീട് മേല്‍പ്പാലം വന്നതോടെ പഴയപാലത്തിന് വീണ്ടും രാജപ്രൗഡിയായി. മാമ്പലത്തറ, പുതുക്കുളങ്ങര പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ദേശീയപാതയിലെത്തണമെങ്കില് കാക്കാഴം പാലം മാത്രമായി ആശ്രയം.
കൂടാതെ കാക്കാഴം കാപ്പിത്തോടിന് സമീപം ഗവ. ഹയർ സെക്കൻഡറി, എസ്.എൻ.സി ടി.ടി.ഐ എന്നീ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഈ പാലത്തിലൂടെ മാത്രമാണ് എത്താന്‍ കഴിയുന്നത്. നാട്ടുകാർക്ക് ആശ്രയമായ പഴയപാലത്തിന്റെ ജീർണാവസ്ഥ കണക്കിലെടുത്ത് പിന്നീട് വീതികുറച്ച് ബലപ്പെടുത്തി. എന്നാല്‍ വിദ്യാർഥികളടക്കമുള്ളവർ സഞ്ചരിക്കുന്നത് ജീവൻ പണയം വെച്ചാണ്. ഇത്രയും വിദ്യാർഥികളും നാട്ടുകാരും സഞ്ചരിക്കുന്ന പാലത്തിന്റെ കൈവരികൾ മാസങ്ങൾക്ക് മുമ്പാണ് തകർന്നത്. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ദുരന്തമുഖത്താണെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ല. സ്കൂൾ വാഹനങ്ങളുള്‍പ്പെടെ വീതി കുറഞ്ഞ ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ദേശീയ പാത വികസനഭാഗമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് പാലത്തിന്റെ കൈവരി തകർന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
കാൽ തെന്നിയാൽ മാലിന്യം നിറഞ്ഞ് ദുർഗന്ധ പൂരിതമായ തോട്ടിലേക്കായിരിക്കും വീഴുക. ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരും ജനപ്രതിനിധികളും നൽകിയ പരാതികളിൽ നടപടിയൊന്നുമുണ്ടാകാത്തത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രീതികുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് രണ്ട് യുവാക്കള്‍ മരിക്കുകയുണ്ടായി. അപകടം ഉണ്ടായതിന് സമീപത്തെ കൈവരികളില്ലാത്ത കലുങ്ക് കടന്നാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ എം. രജീഷിന്റെയും സുഹൃത്ത് അനന്തുവിന്റെയും ജീവനാണ് പൊലിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.