കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ; കൊയ്തെടുത്ത നെല്ല് മഴയിൽ നശിക്കുന്നു
text_fieldsഅമ്പലപ്പുഴ: മില്ലുടമകൾ എടുക്കാത്തതിനാൽ കൊയ്തെടുത്ത നെല്ല് മഴയിൽ നശിക്കുന്നു. തകഴി കല്ലേപ്പുറം തെക്ക് പാടശേഖരത്തെ നെല്ലാണ് തകഴി ക്ഷേത്രമൈതാനിയിൽ കൂട്ടിയിട്ടിരിക്കുന്നത്. നെല്ലിന് കൂടുതൽ കിഴിവ് ആവശ്യപ്പെട്ടാണ് മില്ലുടമകൾ എടുക്കാത്തത്.
100 ഏക്കറുള്ള പാടശേഖരത്ത് 39 ചെറുകിട നാമമാത്ര കർഷകരാണുള്ളത്.10 ദിവസം മുമ്പാണ് ഇവിടെ കൊയ്ത്ത് പൂർത്തിയാക്കിയത്. പാടശേഖരത്ത് നെല്ല് എടുക്കാൻ ലോറി കയറാത്തതിനാൽ ക്ഷേത്ര മൈതാനിയിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനുശേഷം മില്ലുടമയുടെ ഏജൻറ് എത്തി നെല്ലിന് എട്ട് കിലോ വരെ കിഴിവാണ് ആവശ്യപ്പെട്ടത്. 17 വരെ ഈർപ്പമുള്ള നെല്ലിന് ഒരു കിലോ നെല്ലുപോലും അധികം നൽകരുതെന്നാണ് സർക്കാർ ഉത്തരവ്. ഇവിടെ 18 മുതൽ 24 വരെയാണ് ഈർപ്പം. ഇതിന് എട്ട് കിേലാ കിഴിവായി നൽകാൻ കർഷകർ തയാറല്ല. നെല്ല് ഉണക്കി നൽകാനും കർഷകർ തയാറാണ്. എന്നാൽ, പതിരിെൻറ പേരിൽ എട്ട് കിലോയും പിന്നീട് ഈർപ്പമനുസരിച്ച് ഓരോ കിലോ അധികം നെല്ല് നൽകണമെന്നുമാണ് മില്ലുടമകൾ പറയുന്നത്. ഇത്രയും കനത്ത നഷ്ടം സഹിച്ച് നെല്ല് നൽകില്ലെന്ന നിലപാടിലാണ് കർഷകർ.
മണിക്കൂറിന് 2000 രൂപ നൽകിയാണ് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുത്തത്. ഇതുൾപ്പെടെ ഏക്കറിന് അമ്പതിനായിരത്തോളം രൂപയാണ് കർഷകർക്ക് ചെലവായത്. കൊയ്തെടുത്ത നെല്ല് മഴയിൽ നശിക്കാതിരിക്കാൻ മൂടിയിട്ടിരിക്കുകയാണ്. എങ്കിലും മഴ മാറാതെ നിൽക്കുന്നതിനാൽ നെല്ല് നനയുമെന്ന ആശങ്കയിലാണ് കർഷകർ. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നെല്ലാണ് ഇവിടെ കിടന്നുനശിക്കുന്നത്. അടിയന്തരമായി നെല്ല് സംഭരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.