കാക്കാഴം അപകടം: നടുങ്ങി നാട്
text_fieldsഅമ്പലപ്പുഴ: വളഞ്ഞവഴി ഗ്രാമം തിങ്കളാഴ്ച ഉണര്‍ന്നത് ഭയാനകശബ്ദവും തുടര്‍ന്നുള്ള കൂട്ടക്കരച്ചിലും കേട്ട്. പുലര്‍ച്ച അഗ്നിരക്ഷ സേന വാഹനങ്ങളുടെ അലാറവും മണിമുഴക്കവും കേട്ട് സ്ത്രീകളും കുട്ടികളുമടക്കം കാക്കാഴത്ത് ഓടിയെത്തി. കാറില്‍ കുരുങ്ങി ചോരയില്‍ മുങ്ങി അനക്കമില്ലാതെ കിടക്കുന്ന യുവാക്കളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുന്ന കാഴ്ച പലരെയും തളര്‍ത്തി. അടുത്ത കാലത്തെ വലിയ ദുരന്തത്തിന്‍റെ കാഴ്ചകൾ നേരില്‍കണ്ട് പലരും സ്തബ്ധരായി.
തൊട്ടടുത്ത കായിപ്പള്ളി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിലുണ്ടായിരുന്നവരും സമീപവാസികളുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇവരാണ് അപകടവിവരം തകഴി അഗ്നിരക്ഷ സേനയിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലുമറിയിച്ചത്. അപകടസ്ഥലത്തുവെച്ചു തന്നെ നാലുപേർ മരിച്ചിരുന്നു.
ഗുരുതര പരിക്കേറ്റ അമലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് സ്കാനിങിന് ശേഷം അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴാണ് മരിച്ചത്. ഫയർഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് മുന്നിലിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മേൽപാലത്തിൽനിന്ന് ലോറിയും കാറും നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.