വഴിവിളക്കില്ല ഇരുട്ടില്‍ തപ്പി കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലം
text_fieldsഅമ്പലപ്പുഴ: ഗതാഗതത്തിനായി അഞ്ച് വർഷം മുൻപ് തുറന്നു കൊടുത്ത പാലത്തിൽ വഴി വിളക്കുകളില്ല. യാത്രക്കാർ ദുരിതത്തിൽ. അമ്പലപ്പുഴ തെക്ക്, നെടുമുടി പഞ്ചായത്തുകളെ ബന്ധപ്പെടുത്തി പൂക്കൈത ആറിന് കുറുകെ നിര്‍മിച്ച കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലത്തിലാണ് വഴി വിളക്കുകളില്ലാത്തത്.
കുട്ടനാടൻ പ്രദേശങ്ങളിലെ യാത്രക്കാർക്ക് വളരെ പ്രയോജനകരമായ പാലം 2019 സെപ്തംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലത്തിന് 355 മീറ്റർ നീളമുണ്ട്. അമ്പലപ്പുഴ-തിരുവല്ല റോഡിന് സമാന്തരമായി എടത്വയിലും ആലപ്പുഴ-ചങ്ങനാശേരി റോഡിന് സമാന്തരമായിചമ്പക്കുളത്തും എത്തിച്ചേരുന്ന റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ആലപ്പുഴ-ചങ്ങനാശേരി റോഡിലും അമ്പലപ്പുഴ- തിരുവല്ല റോഡിലും ഗതാഗതം നിയന്ത്രിക്കുമ്പോള്‍ എസ്.എന്‍ കവല- ചമ്പക്കുളം റോഡില്‍ കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലത്തിലൂടെയാണ് വാഹങ്ങള്‍ കടത്തിവിടുന്നത്.
നിലവിൽ പാലത്തിന്റെ രണ്ട് ഭാഗങ്ങളിലായി ഓരോ വഴി വിളക്കുകൾ മാത്രമാണുള്ളത്. രാത്രി കാലങ്ങളിൽ പാലത്തിൽ മാലിന്യം വലിച്ചെറിയുന്നതും വാഹനാപകടങ്ങളുണ്ടാകുന്നതും നിത്യ സംഭവമാണ്. കൂടാതെ മദ്യപരും മയക്ക് മരുന്ന് സംഘങ്ങളും പാലത്തിലെ ഇരുളിന്റെ മറവ് താവളമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ പരാതികള്‍ പലത് ഉയര്‍ന്നെങ്കിലും വഴിവിളക്കുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. വഴി വിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ കാക്കാഴം താഴ്ചയിൽ നസീർ അമ്പലപ്പുഴ തെക്ക്, നെടുമുടി പഞ്ചായത്ത് സെക്രട്ടറിമാർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.