വർഷങ്ങൾ ഒഴുകിപ്പോയി; ശാപമോക്ഷം കാത്ത് കാപ്പിത്തോട്
text_fieldsഅമ്പലപ്പുഴ: കാപ്പിത്തോടിന്റെ മാലിന്യപരിഹാരം ഒരു ചോദ്യചിഹ്നമായി ഒഴുകുകയാണ്. മാറിവരുന്ന സർക്കാറുകളെ പഴിചാരുന്നതല്ലാതെ കാപ്പിത്തോട് വിഷയത്തിൽ നാട്ടുകാർക്ക് മൂക്കുപൊത്തേണ്ട അവസ്ഥ തുടരുകയാണ്. മഴയത്ത് കാപ്പിത്തോട് നിറഞ്ഞുകയറുന്ന വെള്ളത്തിൽ നീന്തിയും വേനലിൽ മൂക്കുപൊത്തിയും ജീവിതം തള്ളിനീക്കുന്ന നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണാൻ ആർക്കുമാകുന്നില്ല. കാക്കാഴം വളഞ്ഞവഴി ഭാഗങ്ങളിൽ ഒരു കിലോമീറ്ററോളം തോട്ടിൽ മലിനജലം കെട്ടിക്കിടന്ന് പ്രദേശവാസികൾക്ക് മാറാരോഗങ്ങൾ പിടിപെടുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കാപ്പിത്തോട്ടിലെ മാലിന്യമാണ് രോഗം പിടിപെടാൻ കാരണമാകുന്നതെന്നും ആരോഗ്യവകുപ്പിന്റ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. വലതിലെയും ഇടതിലെയും എം.എൽ.എമാരെ മാറിമാറി നാട്ടുകാർ നിയമസഭയിലേക്കയച്ചു.
വി.എം. സുധീരൻ, ഡോ. കെ.സി. മനോജ്, കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ പാർലമെന്റെിലേക്കും നാട്ടുകാർ തെരഞ്ഞെടുത്തു. നിലവിലെ എം.പി എ.എം. ആരിഫും, ഇവരെല്ലാം കാക്കാഴം നിവാസികൾക്ക് ഉറപ്പുകൊടുത്തിരുന്നത് കാപ്പിത്തോടിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്നായിരുന്നു.
തുക വകയിരുത്തി; സൈാസൈറ്റിയും രൂപവത്കരിച്ചു
2013 ൽ ആസ്ഥിവികസന ഫണ്ടിൽ ഉൾപ്പെടുത്തി മുൻ എം.എൽ.എ ജി. സുധാകരൻ കാപ്പിത്തോടിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ 10 കോടി രൂപ വകയിരുത്തി. ജില്ല-ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി എട്ട് കോടിയും ഉൾപ്പെടുത്തി തോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരുസൊസൈറ്റിയും രൂപവത്കരിച്ചു. പിന്നീട് ഇതേക്കുറിച്ച് യാതൊരു അറിവും ഉണ്ടായില്ല.
അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി തകർത്തതാണെന്നായിരുന്നു ജി. സുധാകരൻ പറഞ്ഞത്. എന്നാൽ, പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ 21.8 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതി തയാറാക്കി. കാപ്പിത്തോടിന് സംരക്ഷണഭിത്തി, കലുങ്കുകൾ, ഗതാഗത സൗകര്യത്തിന് വീതികൂടിയ സ്ലാബുകൾ സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമിട്ടത്. കൂടാതെ ചെമ്മീൻ പീലിങ് സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജല ശുദ്ധീകരണത്തിന് പ്ലാൻറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. എൽ.ഡി.എഫ്എ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അമ്പലപ്പുഴ ടൗൺ ഹാളിൽ ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. എന്നാല്‍, കാപ്പിത്തോട് ദുര്‍ഗന്ധം പരത്തി ഒഴുക്ക് തുടരുകയാണ്.
പുതിയപദ്ധതി നടപ്പാക്കും-എച്ച്. സലാം എം.എല്‍.എ
കാപ്പിത്തോടിന്റെ മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി പുതിയ പദ്ധതിക്കുള്ള നടപടികളായി. കനാല്നവീകരണത്തില് ഉള്‍പ്പെടുത്തിയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപ വകയിരുത്തി. ആഴം കൂട്ടി ഇരുവശങ്ങളും കല്‍ക്കെട്ടുകള്‍ പണിതും കയര്‍ ഭൂവസ്ത്രം വിരിച്ചും സംരക്ഷിക്കും. രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലിന്യസംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.
മാലിന്യമൊഴുക്ക് തടയണം- ഇ.കെ ജയന്, സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി
ചെമ്മീന്‍ മീറ്റ് പ്രോസസിങ് പ്ലാന്റുകളില്‍നിന്നും ഒഴുക്കുന്ന വെള്ളം കെട്ടിക്കിടന്നാണ് കാപ്പിത്തോട്ടില്നിന്ന് ദുര്‍ഗന്ധം ഉയരുന്നത്. എന്നാല്‍, ചെമ്മീന്‍ കമ്പനികളില്‍ നിന്നുള്ള വെള്ളം കൂടുതല്‍ മാലിന്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ അധികവും തീരദേശത്താണ് പ്രവര്‍ത്തിക്കുന്നത്.
ചെമ്മീന്‍ മീറ്റ് പ്രോസസിങ് പ്ലാന്റുകള്‍ തീരദേശത്തേക്ക് മാറ്റി സ്ഥാപിച്ചാല്‍ മലിനജലം കടലിലേക്ക് ഒഴുക്കിവിടാം. അങ്ങനെ കാപ്പിത്തോടിന്റെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കൂടാതെ തോടിന്റെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആഴം കൂട്ടി ഇരുവശങ്ങളിലും കല്‍ക്കെട്ടുകള്‍ പണിത് സൗന്ദര്യവത്കരിക്കണം. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളെ വിളിച്ചുചേര്‍ത്ത യോഗത്തിലും ഇതേഅഭിപ്രായമാണ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.