തെളിനീരൊഴുക്കാൻ കാപ്പിത്തോട്
text_fieldsഅമ്പലപ്പുഴ: പതിറ്റാണ്ടുകളായി നേരിടുന്ന കാക്കാഴം കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. കാപ്പിത്തോടിന്റെ നീരൊഴുക്ക് പൂര്ണമാക്കിയുള്ള പുനർനിർമാണത്തിന് ഞായറാഴ്ച തുടക്കമാകും. ഇതിനായി കിഫ്ബിയിൽനിന്ന് 8.24 കോടി അനുവദിച്ചതായി എച്ച്. സലാം എം.എൽ.എ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, വൈസ് പ്രസിഡന്റ് പി. രമേശൻ, സംഘാടക സമിതി ഭാരവാഹികളായ എ. ഓമനക്കുട്ടൻ, ഇ.കെ. ജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കളർകോട് മുതൽ പുക്കൈതയാറ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടമായി നവീകരിക്കുന്നത്. ജല സംരക്ഷണത്തിനും മാലിന്യസംസ്കരണത്തിനും പ്രാധാന്യം നൽകി കാപ്പിത്തോടിനെ വീണ്ടെടുക്കുക ലക്ഷ്യത്തോടെ ‘തെളിനീരൊഴുകും അമ്പലപ്പുഴ’ പദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുന്നത്.
ആഴം കൂട്ടിയും ഇരുവശത്തും കല്ലുകെട്ടിയും കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയും കലുങ്ക് നിർമിച്ചും തോട് സംരക്ഷിക്കും. ഇതോടെ ഇരുകരയിലെ ജനങ്ങളും കാക്കാഴം സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർഥികളും പതിറ്റാണ്ടായി അനുഭവിച്ചുവരുന്ന തീരാദുരിതത്തിന് ശാശ്വത പരിഹാരമാകും.
മുമ്പ് പലപദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവയെല്ലാം കടലാസിലൊതുങ്ങുകയായിരുന്നു. തോടിന്റെ ഇരുകരയിലുമുള്ള ചെമ്മീൻ പീലിങ് ഷെഡുകൾ, മീറ്റ് കലക്ഷൻ സെന്ററുകൾ, ഐസ് പ്ലാന്റുകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമെല്ലാം കാപ്പിത്തോട്ടിലായിരുന്നു തള്ളിയിരുന്നത്. വേനൽ കനക്കുമ്പോൾ നീരൊഴുക്ക് തടസ്സപ്പെടുന്നതുമൂലം അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്. ഹൈകോടതിയും മനുഷ്യാവകാശ കമീഷനും വരെ ഇടപെട്ടെങ്കിലും മലിനീകരണത്തിന് പരിഹാരം കാണാനായില്ല.
ഒന്നാം ഘട്ട പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്. രണ്ടാം ഘട്ടമായി മാലിന്യസംസ്കരണ പ്ലാന്റും സ്ഥാപിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിന് 50 സെന്റ് സ്ഥലം ആവശ്യമാണ്. ശുചീകരണ പ്രവർത്തനങ്ങൾക്ക് പരിസരവാസികളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും അഭ്യർഥിച്ചു. ശുചീകരണം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാക്കാഴം എസ്.എൻ.വി.ടി.ടി.ഐക്ക് സമീപം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.