ആവേശോജ്ജ്വലമായി കരുമാടി ജലോത്സവം
text_fieldsഅമ്പലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ, ആർപ്പോ വിളികളുടെയും വഞ്ചിപ്പാട്ടിന്റെയും താളലഹരിയിൽ കരുമാടി ജലോത്സവം. ദേശീയ ജലപാതയോരത്തെ കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടന്ന വള്ളംകളി നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
കരുമാടിയിലെ കലാസാംസ്കാരിക സംഘടനയായ കരുമാടിക്കുട്ടൻസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പിച്ചത്. 2016 മുതൽ ഓണം വരവേൽക്കാൻ ചെറുവള്ളങ്ങളെ പങ്കെടുപ്പിച്ച് തുടങ്ങിയ ജലോത്സവത്തിൽ ഇത്തവണ പ്രമുഖ ചുണ്ടൻ വള്ളങ്ങളും പങ്കാളികളായി. സുനിൽകുമാർ കൈനകരി ക്യാപ്റ്റനായ, കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജിക്കാണ് ട്രോഫി. രണ്ടാംസ്ഥാനം പ്രമോദ് ഉണ്ണി ക്യാപ്റ്റനായ കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ തയങ്കരിക്കും ലൂണാ ബോട്ട് ക്ലബ് കരുമാടി തുഴഞ്ഞ വെള്ളംകുളങ്ങര ചുണ്ടന് മൂന്നാംസ്ഥാനവും നേടി. ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രാഫിയിലേക്കുള്ള ചുവടുവെപ്പായാണ് കരുമാടി ജലോത്സവത്തെ കണ്ടത്.
ഫൈബർ കാറ്റഗറിയിൽ ഒറ്റത്തുഴ, രണ്ട് തുഴ, മൂന്നു തുഴ, നാലു തുഴ, അഞ്ചു തുഴ മത്സരങ്ങളും തടി കാറ്റഗറിയിൽ 14 തുഴ മത്സരവും കയാക് സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും നടന്നു. എച്ച്. സലാം എം.എൽ.എ ജലോത്സവം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് കായിക പ്രതിഭകളെ അനുമോദിച്ചു.
തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ജയരാജ്, ജി. വേണു ലാൽ, പഞ്ചായത്ത് അംഗങ്ങളായ വീണാ ശ്രീകുമാർ, എ. അജീഷ്, റീനാമതി കുമാർ, ശ്രീകുമാർ കട്ടക്കുഴി, നിഷാ മനോജ്, കരുമാടിക്കുട്ടൻസ് സാംസ്കാരിക സമിതി ചെയർമാൻ കരുമാടി ശശി, സി. രാധാകൃഷ്ണൻ, പ്രസിഡന്റ് ബി. സജീവ്, ജനറൽ സെക്രട്ടറി ബിജു പി. മംഗലം, കോർഓഡിനേറ്റർ ഷാജി കരുമാടി, സെക്രട്ടറി രതിയമ്മ, എ. രമണൻ, പി. പ്രദീപ് കുമാർ, അനീഷ് പത്തിൽ, അജയൻ കുഴിനാൽപ്പറ,ശ്യാം കൈലാസം, പ്രഷി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.