വൃക്ക തകരാറിലായ റോബിൻ റോയിക്ക് ജീവിക്കാന്‍ കൈത്താങ്ങ് വേണം
text_fieldsഅമ്പലപ്പുഴ: റോബിൻ റോയി പഠിക്കാൻ മിടുക്കനാണ്. ഇപ്പോൾ ബി.കോം മൂന്നാം വർഷ വിദ്യാർഥിയാണ്. പക്ഷേ, വൃക്കകളുടെ പ്രവർത്തനം പാതിവഴിയിൽ നിലച്ചതോടെ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലു പുരക്കൽ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന റോബിൻ നിവാസിൽ റോസമ്മയുടെ മൂത്ത മകനായ റോബിന്‍റെ ഇരുവൃക്കയും തകരാറിലായത് ഒരു മാസം മുമ്പാണ് കണ്ടെത്തിയത്.
മൂത്രത്തിൽക്കൂടി രക്തം വന്നതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗവിവരം അറിയുന്നത്. മൂത്രത്തിലൂടെ നിരന്തരം പ്രോട്ടീൻ നഷ്ടപ്പെടുന്നതായും കണ്ടെത്തി. ഇതിനിടയിലും റോബിൻ കോളജിൽ പോയികൊണ്ടിരുന്നു.
എന്നാൽ, ശാരീരിക ക്ഷീണം തളർത്തിയതോടെ തീർത്തും അവശനായി. ഒരു ദിവസം മൂന്നുനേരം വില കൂടിയ ഏഴ് ഗുളിക കഴിക്കണം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവിനെ കാണിക്കുന്നതെങ്കിലും പുറത്തുനിന്നാണ് മരുന്ന് വാങ്ങേണ്ടത്. ഇതിനുമാത്രം ഒരു മാസം 10,000 രൂപയോളം ചെലവു വരും. നട്ടെല്ല് സംബന്ധമായ രോഗത്താൽ ഏറെ പ്രയാസപ്പെടുന്ന റോബിന്‍റെ മാതാവ് പലരോടും കൈനീട്ടിയാണ് മരുന്നിന് പണം കണ്ടെത്തുന്നത്. ഇതുകൂടാതെ, ഓരോ ആഴ്ചയിലും റോബിന്‍റെ രക്തവും മൂത്രവും സ്വകാര്യ ലാബിൽ പരിശോധിച്ച് ഫലം ഡോക്ടറെ കാണിക്കണം. ഇതിന് 1000 രൂപ ചെലവു വരും. റോബിന്‍റെ സഹോദരൻ റോജൻ പ്ലസ് ടു വിദ്യാർഥിയാണ്. രോഗത്തിന്‍റെ കാഠിന്യം അലട്ടുമ്പോഴും പി.ജി പൂർത്തിയാക്കണമെന്ന ഏക മോഹമാണ് റോബിൻ റോയിക്കുള്ളത്. ഇതിന് സുമനസ്സുകൾ സഹായിക്കുമെന്ന ഏക പ്രതീക്ഷയാണ് ഈ കുടുംബത്തിനുള്ളത്. റോസമ്മയുടെ പേരിൽ ഐ.ഒ.ബി പുന്നപ്ര ശാഖയിൽ 196701000019821 അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.സി: ഐ.ഒ.ബി.എ 000 1967. ഗൂഗിള്‍ പേ...9846641855.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.