കെ.എസ്.ആർ.ടി.സി ആലപ്പുഴയിൽ റൂട്ട് മാറിയോടുന്നു; യാത്രക്കാർ വലയുന്നു
text_fieldsആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകൾ നഗരത്തിലൂടെ റൂട്ട് മാറിയോടുന്നത് യാത്രക്കാരെ വലക്കുന്നു. കെ.എസ്.ആർ.ടി.സി അധികൃതരും ട്രാഫിക് പൊലീസും അറിയാതെയാണ് ചില ഡ്രൈവർമാർ അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും ചില റോഡുകൾ ഒഴിവാക്കി ഓടുന്നത്.
നഗരത്തിലെ ചില റോഡുകൾ അടച്ചിട്ടപ്പോൾ പിച്ചുഅയ്യർ ജങ്ഷൻ മുതൽ വൈ.എം.സി.എ ജങ്ഷൻവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ഭാഗത്തെ ജോലികൾ പൂർത്തീകരിച്ച് റോഡ് തുറന്നിട്ടും ഡ്രൈവർമാർ തോന്നിയ പടിയാണ് സർവിസ് നടത്തുന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ ജനറൽ ആശുപത്രി ജങ്ഷൻ, പിച്ചു അയ്യർ, വൈ.എം.സി.എ, ബോട്ട്ജെട്ടി വഴിയാണ് സ്റ്റാൻഡിൽ എത്തേണ്ടത്.
എന്നാൽ, ഒട്ടുമിക്ക ബസുകളും ജനറൽ ആശുപത്രി ജങ്ഷന് തെക്കുഭാഗത്തുനിന്ന് തിരിഞ്ഞ് കല്ലുപാലം വഴിയാണ് എത്തുന്നത്. പിച്ചു അയ്യർ ജങ്നിലും ബോട്ട് ജെട്ടിയിലും ഇറങ്ങേണ്ട യാത്രക്കാർ മറ്റിടങ്ങളിൽ ഇറങ്ങി നടക്കുകയോ ഓട്ടോ പിടിക്കുകയോ ചെയ്യേണ്ടിവരും. ഈ ഭാഗങ്ങളിലെ സർക്കാർ ഓഫിസുകളിലേക്കും മറ്റുമെത്തുന്ന മുതിർന്ന പൗരന്മാരാണ് ഏറെ വലയുന്നത്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് അടക്കം ബസുകളും ശവക്കോട്ടപ്പാലം വഴി കടന്ന്പോകുന്നതിന് റൂട്ട് മാറി വരുന്ന പ്രവണതയുണ്ട്.
മാസങ്ങൾമുമ്പ് റൂട്ട് മാറ്റിവിട്ട രീതിയിലാണ് ചില ബസുകളെങ്കിലും ഇപ്പോഴും പോകുന്നത്. നഗരത്തിൽ കുരുക്ക് ഉണ്ടാകാതിരിക്കാനാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് തെക്കു ഭാഗത്തേക്കുള്ള ബസുകൾ കല്ലുപാലം, ജനറൽ ആശുപത്രി ജങ്ഷൻവഴി കടത്തിവിടുന്നത്. തെക്കുനിന്നുള്ള ബസുകളും ഇതേ റൂട്ടിൽ കടന്നു വരുന്നതിനാൽ കല്ലുപാലം ഭാഗത്ത് ഗതാഗതക്കുരുക്ക് ഇപ്പോൾ പതിവാണ്.
ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, മാവേലിക്കര, പാറശ്ശാല ഡിപ്പോകളിൽനിന്ന് സർവിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് റൂട്ട് തെറ്റിച്ച് സർവിസ് നടത്തുന്നവയിൽ അധികവും. പഴയതരത്തിൽ സർവിസ് നടത്തുന്നതിനുള്ള അനുമതി ട്രാഫിക് അഡ്വൈസറി കമ്മിറ്റി അറിയിക്കാത്തത് മൂലമാണ് റൂട്ട് മാറി സഞ്ചരിക്കുന്നത്.
കമ്മിറ്റി തീരുമാനം ലഭിക്കുന്ന മുറക്ക് തെക്കുഭാഗത്തുനിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ ബോട്ട്ജെട്ടി വഴി സ്റ്റാൻഡിലെത്താൻ നിർദേശിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർക്ക് റൂട്ട് മാറിയോടാൻ നിർദേശം നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.