താറാവുകളുടെ കൂട്ടമരണം; പരിപാലിച്ചവർക്കും രോഗം
text_fieldsഅമ്പലപ്പുഴ: താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ഇവയെ പരിചരിച്ചവരിലും രോഗം പിടിപെടുന്നു. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന് (57), ഭാര്യ മോളി ജോസഫ് (54), മക്കള്‍ ടീന, ടോണി, ടിന്‍സണ്‍, ജിന്‍സി എന്നിവര്‍ക്കാണ് പനി ബാധിച്ചത്.
ജോസഫ് ചെറിയാെൻറ (ബാബു) താറാവുകളാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തത്. ഇവയെ നോക്കിയിരുന്ന തൊഴിലാളികള്‍ക്കാണ് ആദ്യം പനി ബാധിച്ചത്. ഇവര്‍ ജോലി ഉപേക്ഷിച്ച് പോയതോടെ ജോസഫ് ചെറിയാനും കുടുംബവവുമാണ് പരിപാലിച്ചിരുന്നത്. തുടര്‍ന്നാണ് ഇവര്‍ക്കും പനി ബാധിച്ചത്. 20 ലക്ഷം രൂപയോളം ബാങ്ക് വായ്പയെടുത്താണ് താറാവ് കൃഷി ആരംഭിച്ചത്. സ്വകാര്യ ഹാര്ച്ചറിയില്നിന്ന് ഒരു ദിവസം പ്രായമായ 13,500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ പതിനായിരത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു.
വ്യാഴാഴ്ച പുലര്‍ച്ചയും 800 താറാവുകള്‍ പനിലക്ഷണങ്ങളോടെ ചത്തു. തകഴിയില്‍ വളര്‍ത്തിയിരുന്ന താറാവുകളാണ് ചത്തത്. ജോസഫ് ചെറിയാെൻറ വീടിനോട് ചേര്‍ന്ന് മുട്ടത്താറാവുകളെ വളര്‍ത്തുന്നതിൽ രോഗബാധയുണ്ടായിരുന്നില്ല. ഒരു വര്‍ഷം പ്രായമായ 1100 താറാവുകളാണുള്ളത്.
വ്യാഴാഴ്ച മുതല്‍ ഇവയിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തീറ്റയെടുക്കാതെ തൂങ്ങിയ നിലയിലാണ്. രോഗം വന്ന താറാവുകളെ പരിചരിച്ച ഇവരിൽനിന്നാണ് മുട്ടത്താറാവുകള്ക്കും രോഗം പിടിപെട്ടതെന്നാണ് ജോസഫ് ചെറിയാന് പറയുന്നത്.
അധികൃതർക്ക് നിസ്സംഗത
അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ചെന്ന് കരുതുന്ന താറാവുകളെ പരിപാലിച്ചവരിലും രോഗം പിടിപെട്ട വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും വേണ്ട ശ്രദ്ധ ലഭിച്ചില്ലെന്ന് ജോസഫ് ചെറിയാന് ആരോപിച്ചു.
ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും വിവരം തിരക്കി പാരസെറ്റമോള്‍ മാത്രം നൽകിപോകുകയായിരുന്നുവേത്ര. പനി ബാധിച്ചതില്‍ മകൻ ടിന്‍സണ്‍ കിടപ്പിലാണ്.
താറാവുകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത് മുതല്‍ വിവരം മൃഗസംരക്ഷണ വകുപ്പ് തിരുവല്ല മഞ്ചാടിയിലെ ആശുപത്രിയില്‍ വിവരം നല്‍കിയിരുന്നു. മരുന്നുകള്‍ നല്‍കാനും കുത്തിവെപ്പെടുക്കാനും നിർദേശിച്ചു. ഇതിന് മാത്രം 65,000 രൂപയോളം വേണ്ടിവന്നു. ഒരു രൂപയുടെ മരുന്നോ കുത്തിവെപ്പെടുക്കാനുള്ള സംവിധാനമോ പോലും കിട്ടിയില്ല.
കഴിഞ്ഞ വര്‍ഷങ്ങളിലും പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തിട്ടും നഷ്ടപരിഹാരം കിട്ടിയില്ല.
ഒരാഴ്ച മുമ്പ് മുതല്‍ പലതവണയായി താറാവുകളില്‍നിന്ന് സാമ്പിളെടുത്തെങ്കിലും പരിശോധനഫലം കിട്ടിയില്ലെന്നാണ് ജില്ല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. താറാവുകളിൽനിന്ന് പരിപാലിച്ചവരിലേക്ക് രോഗം പടർന്നതായി കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.