മില്ലുടമകളും ഏജൻറുമാരും തമ്മിൽ ഒത്തുകളി: നെല്ല് എടുക്കുന്നില്ല; കർഷകർ ആശങ്കയിൽ
text_fieldsഅമ്പലപ്പുഴ: മില്ലുടമകളും ഏജൻറുമാരും തമ്മിലെ ഒത്തുകളിയെത്തുടർന്ന് കൊയ്ത നെല്ലെടുക്കാത്തതിനാൽ കർഷകർ ആശങ്കയിൽ. അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര മേഖലകളിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞെങ്കിലും മില്ലുടമകൾ നെല്ലെടുക്കാത്തതാണ് കർഷകരെ ദുരിതത്തിലാക്കിയത്. എല്ലാ സീസണിലും നെല്ലിെൻറ തൂക്കത്തിൽ കുറവുവരുത്താൻ മില്ലുടമകൾ നെല്ലെടുപ്പ് വൈകിക്കാറുണ്ട്. കർഷകരുടെ പ്രതിഷേധം ശക്തമാകുമ്പോഴാണ് സിവിൽ സപ്ലൈസ് ഇടപെട്ട് നെല്ലെടുപ്പ് ആരംഭിക്കുന്നത്.
നെല്ല് ഉണക്കി കൂട്ടിയിട്ടിരിക്കുകയാണ് പല പാടശേഖരങ്ങളിലും. നനവ് പരിശോധിച്ചാണ് മില്ലുടമകൾ നെല്ലെടുക്കുന്നത്. നനവ് കൂടുന്നതനുസരിച്ച് തൂക്കത്തിൽ മാറ്റം വരുത്തും. ഒരു ക്വിൻറൽ നെല്ലെടുക്കുമ്പോൾ 10-16 കിലോവരെ തൂക്കത്തിൽ കുറവ് കണക്കാക്കിയാണ് വില നൽകുന്നത്.
നെല്ലിന് നനവുണ്ടെന്ന കാരണത്താൽ തൂക്കത്തിൽ കുറവുവരുത്താനാണ് നെല്ലെടുപ്പ് വൈകിക്കാറുള്ളത്. ഇതിന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കാറുണ്ടെന്ന ആക്ഷേപവും കർഷകർക്കുണ്ട്.നീർക്കുന്നം കിഴക്ക് നാലുപാടത്തെ വിളവെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല. നാനൂറോളം ഏക്കറിലെ നെല്ലാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ സീസണിൽ യന്ത്രത്തിന് മണിക്കൂറിൽ 1900 രൂപയായിരുന്നത് ഇത്തവണ 2200 രൂപയായി. പ്രതികൂല കാലാവസ്ഥയെ നേരിട്ട് മികച്ച വിളവുൽപാദിപ്പിച്ചിട്ടും മില്ലുടമകൾ തിരിഞ്ഞുനോക്കിയിട്ടില്ല. ഏക്കറിന് 25,000 രൂപ വരെ ചെലവിട്ടാണ് കൃഷി ചെയ്തത്. പുഞ്ചകൃഷിക്ക് ഒരുക്കം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് രണ്ടാം കൃഷിയുടെ സംഭരണംപോലും പൂർത്തിയാകാത്തത്. തുലാവർഷം ശക്തമായാൽ കൊയ്തതെല്ലാം മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.