മോഹൻ സി. അറുവന്തറയുടെ പോരാട്ടം തുണയായത് നിരവധി വൃക്കരോഗികൾക്ക്
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നെഫ്രോളജി വിഭാഗം പൂർണസജ്ജമാക്കിയത് പൊതുപ്രവർത്തകൻ മോഹൻ സി. അറുവന്തറയുടെ നിയമപോരാട്ടം.
ആലപ്പുഴയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രി വണ്ടാനത്തേക്ക് മാറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും നെഫ്രോളജി വിഭാഗം നാമമാത്രമായിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, ഡയാലിസിസ്, പി.ജി വിദ്യാർഥികളുടെ പഠനം എന്നിവയൊന്നും ഈ വിഭാഗത്തിൽ ഉണ്ടായിരുന്നില്ല. വൃക്കരോഗികൾക്ക് കോട്ടയം മെഡിക്കൽ കോളജിനെയോ വലിയ തുക ചെലവഴിച്ച് മറ്റ് സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
ആലപ്പുഴ മെഡിക്കൽ കോളജിൽ നെഫ്രോളജി വിഭാഗം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മോഹൻ സർക്കാറിന് നിരവധി പരാതികൾ നൽകി. ഫലമില്ലാതെ വന്നതോടെ കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പ്, ആരോഗ്യ സർവകലാശാല, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, മെഡിക്കൽ കോളജ് തുടങ്ങിയവരെ എതിർ കക്ഷികളാക്കി 2016ൽ ഹൈകോടതിയെ സമീപിച്ചു. വിശദ വാദം കേട്ട കോടതി, എത്രയുംവേഗം നെഫ്രോളജി വിഭാഗത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ് നിർദേശിച്ചത്. സാവകാശം ആവശ്യപ്പെട്ട് മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു. ഇതോടെയാണ് നെഫ്രോളജി വിഭാഗത്തിന്‍റെ വികസനം യാഥാർഥ്യമായത്.
വകുപ്പ് മേധാവി ഡോ. ഗോമതിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെതന്നെ മികച്ച ചികിത്സയാണ് ഇപ്പോൾ ഇവിടെ ലഭിക്കുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവക്കടക്കം നൂറുകണക്കിന് രോഗികൾക്ക് ഈ വിഭാഗം പ്രയോജനപ്പെടുമ്പോൾ തന്‍റെ നിയമപോരാട്ടം വിജയിച്ചതിന്‍റെ സംതൃപ്തിയിലാണ് മോഹൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.