സഞ്ജയക്കുവേണ്ടി നാട് കൈകോർത്തു; ലഭിച്ചത് ഏഴുലക്ഷത്തിലധികം രൂപ
text_fieldsഅമ്പലപ്പുഴ: സഞ്ജയക്കുവേണ്ടി നാട് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കകം സമാഹരിച്ചത് ഏഴ് ലക്ഷത്തിൽപരം രൂപ. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കളിത്തട്ടിന് കിഴക്ക് കൂട്ടുങ്കൽ ശിവദാസ് സജിത ദമ്പതികളുടെ മകൻ സഞ്ജയിക്ക് (14) വേണ്ടിയാണ് ആറ്, ഏഴ്, എട്ട് വാർഡുകളിലായി ധനസമാഹരണം നടന്നത്.
കാൻസർ ബാധിച്ച സഞ്ജയയുടെ ഇടതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റിയിരുന്നു. കുട്ടിയുടെ തുടർ ചികിത്സക്കാവശ്യമായ ലക്ഷങ്ങൾ കണ്ടെത്താൻ നിർമാണ തൊഴിലാളിയായ ശിവദാസിന് കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ് രക്ഷാധികാരിയായും ശശികുമാർ ചേക്കാത്ര ചെയർമാനും ആർ. രജിമോൻ കൺവീനറുമായി രൂപവത്കരിച്ച സഞ്ജയ് ജീവൻ രക്ഷാ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് വാർഡുകളിലെ ഏകദേശം 1600 വീടുകളിലായാണ് ധനസമാഹരണം നടന്നത്. അഞ്ചുലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കുട്ടിയുടെ തുടർചികിത്സക്കായി സുമനസ്സുകൾ കൈമറന്ന് സഹായിച്ചതോടെ 7,28,349 രൂപ സമാഹരിക്കാൻ കഴിഞ്ഞു.
എച്ച്. സലാം എം.എൽ.എ തെൻറ സഹപാഠികൂടിയായ ശിവദാസിന് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ്, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ഷീജ, സതി രമേശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലഭ ഷാജി, ബിജു, റംല ഷിഹാബുദ്ദീൻ, ശശികുമാർ ചേക്കാത്ര, ഗീത ബാബു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ, കെ.എം. ജുനൈദ്, ഹസൻ എം.പൈങ്ങാമഠം, നസീർ സലാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.