ദേശീയപാത നിർമാണം പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ള വിതരണം നിലച്ചു
text_fieldsഅമ്പലപ്പുഴ: ദേശീയപാത നിർമാണത്തിനിടെ പൈപ്പ്ലൈനുകൾ പൊട്ടി കുടിവെള്ള വിതരണം നിലക്കുന്നത് പതിവാകുന്നു. പ്രതിഷേധവുമായി എം.എൽ.എ ഉൾപ്പെടെയുള്ളവർ രംഗത്ത്. പരിഹാരം കാണുന്നതുവരെ നിർമാണം നിർത്തിവെപ്പിച്ചു.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അതിർത്തിയിലാണ് പൈപ്പ് ലൈൻ പൊട്ടിയത്. ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും എതിർവശത്തും ജെ.ബി സ്കൂളിന് മുന്നിലുമായി റോഡ് നിർമാണത്തിനിടെ കൂറ്റൻ മണ്ണുമാന്തികൾ ഉപയോഗിച്ച് നിർമാണം നടക്കുന്നതിനിടെയാണ് പൈപ്പ്ലൈൻ പൊട്ടിയത്. എന്നാൽ, ഇതിന്റെ തകരാർ പരിഹരിക്കാതെ എൻഡ് ക്യാപ്പുകൾ ഘടിപ്പിച്ച് മണ്ണിട്ട് മൂടിപ്പോകുകയാണ് ചെയ്യുന്നത്. ഇതോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം ദിവസങ്ങളായി നിലച്ചു.
പൊട്ടിയ പൈപ്പ് ലൈനുകളുടെ തകരാർ പരിഹരിച്ചശേഷം തുടർജോലികൾ തുടരാനായിരുന്നു തീരുമാനം. എന്നാൽ, ഉദ്യോഗസ്ഥരും കരാറുകാരും ഇത് പാലിക്കാതെ ലൈനുകൾ അടച്ച് കുടിവെള്ളം തടസ്സപ്പെടുത്തി മണ്ണിട്ട് മൂടിവരുകയാണെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പറഞ്ഞു.
ദേശീയപാതയിൽ പുന്നപ്ര കുറവൻതോട് ബുധനാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകുകയായിരുന്നു. കാന നിർമാണത്തിനായി എടുത്ത കുഴിയോട് ചേർന്ന് നിന്ന പാഴ്മരം വെള്ളപ്പാച്ചിലിൽ കടപുഴകുമെന്ന അവസ്ഥയിലായി. സമീപത്തെ വീടുകളിലും കച്ചവടസ്ഥാപനങ്ങളിൽ ഉള്ളവരും ആശങ്കയിലായി. വൈകീട്ടോടെയാണ് പൈപ്പ് പൊട്ടിയതിന് പരിഹാരം കണ്ടത്. എന്നാൽ, മരം അപകടാവസ്ഥയിലാണ്.
എച്ച്. സലാം എം.എൽ.എ സ്ഥലത്തെത്തി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടശേഷം മാത്രം റോഡ് നിർമാണം ആരംഭിച്ചാൽ മതിയെന്ന് നിർദേശം നൽകി. മര്യാദയില്ലാത്ത പ്രവർത്തനമാണ് ഈ ഭാഗത്ത് നിർമാണം ഏറ്റെടുത്ത കമ്പനി കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.