ദേശീയപാത വികസനം: മറച്ചുവെച്ച രൂപരേഖ പുറത്ത് കോളജ് ജങ്ഷനിലും കെ.എസ്.ആർ.ടി.സിക്ക് സമീപവും അടിപ്പാതകൾ
text_fieldsകായംകുളം: ദേശീയപാതയിൽ കോളജ് ജങ്ഷനിലും കെ.എസ്.ആർ.ടി.സിക്ക് സമീപം ജി.ഡി.എം ഭാഗത്തും അടിപ്പാതകളുണ്ടാകും. കായംകുളം നഗരത്തിൽ ഉയരപ്പാതക്കായി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പാതയുടെ രൂപരേഖയിൽ കരാർ കമ്പനി വ്യക്തത വരുത്തിയത്. നഗരസഭ കൗൺസിൽ ഹാളിൽ ജനപ്രതിനിധികൾക്ക് മുമ്പാകെയാണ് ഇതു സംബന്ധിച്ച് വിശദീകരണം നൽകിയത്.
ജി.ഡി.എം ഭാഗത്ത് 20 മീറ്റർ വീതിയിലും അഞ്ചര മീറ്റർ ഉയരത്തിലും വെഹിക്കിൾ അണ്ടർ പാസ് നിർമിക്കും. കൂടാതെ, കെ.പി.എ.സി ഭാഗത്തും കൃഷ്ണപുരത്തും അടിപ്പാതകളുണ്ടാകും. വനിത പോളിടെക്നിലേക്ക് റോഡിനും നിർദേശമുണ്ട്. നേരത്തേയുള്ള രൂപകൽപനയിൽ കോളജ് ജങ്ഷനിൽ അടിപ്പാത ഉൾപ്പെട്ടിരുന്നില്ല. ജനപ്രതിനിധികളുടെ ആവശ്യവും ജനകീയ സമ്മർദവും മാനിച്ചാണ് പുതുതായി ഉൾപ്പെടുത്തിയത്.
നഗരത്തെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്ന തരത്തിലെ നിർമാണം അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി പ്രതിഷേധം ഉയർന്നതോടെയാണ് രൂപരേഖ സംബന്ധിച്ച് വ്യക്തത വരുത്താൻ കരാർ കമ്പനി തയാറായത്. ജനപ്രതിനിധികൾ പലതവണ ആവശ്യപ്പെട്ടെങ്കിലും പാതയുടെ രൂപരേഖ നൽകാൻ അധികൃതർ തയാറായിരുന്നില്ല. നിർമാണ രീതി സംബന്ധിച്ച അവ്യക്തതയും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
അതേസമയം, കായലോരവുമായി ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ഭാഗത്ത് അടിപ്പാത ഇല്ലാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കായലോരം കൂടാതെ ടൗൺഹാൾ, ഗ്രന്ഥശാല, തിയറ്റർ സമുച്ചയം എന്നിവിടങ്ങളിലേക്ക് സുഗമമായി പോകണമെങ്കിൽ കെ.എസ്.ആർ.ടി.സി ഭാഗത്ത് അടിപ്പാത അനിവാര്യമാണ്. ഇതിനിടെ ഉയരപ്പാത എന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് ജനകീയ സമര സമിതി പറയുന്നത്. നഗരത്തെ രണ്ടായി മുറിക്കുന്ന നിർമാണ രീതി അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. നഗരസഭ നടത്തിയ ഇടപെടലാണ് രൂപരേഖയിൽ വ്യക്തത വരുത്താൻ കാരണമായതെന്ന് നഗരസഭ ചെയർപേഴ്സൻ പി. ശശികല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.