കെണിയൊരുക്കി ദേശീയപാതയിൽ ജീവനെടുക്കും കുഴികൾ
text_fieldsഅമ്പലപ്പുഴ: അടച്ചിട്ടും അടയാതെ ദേശീയപാതയിലെ ആഴമേറിയ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് അപകടക്കെണി. പുന്നപ്ര മുതല്‍ പുറക്കാട് വരെയാണ് പലയിടങ്ങളിലായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
അപകടം പതിവായതോടെ എച്ച്. സലാം എം.എല്‍.എയുടെ താല്പര്യപ്രകാരം കുഴി അടക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ച് കുഴികള്‍ അടച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും കുഴികള്‍ പഴയപടിയായി.
വിശാലമായ റോഡിലൂടെ അമിതവേഗത്തിെലത്തുന്ന വാഹനയാത്രികര്‍ കുഴികളില്‍ വീണ് അപകടത്തിൽ പെടുകയാണ്. രാത്രികാലങ്ങളിലാണ് ഇരുചക്രവാഹന യാത്രികര്‍ അധികവും അപകടത്തിൽപെടുന്നത്.
ദേശീയപാതയില്‍ വഴിവിളക്കില്ലാത്തതിനാല്‍ വാഹനത്തിെൻറ വെളിച്ചത്തില്‍ കുഴികള്‍ വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് പലരും അപകടത്തില്‍പെടുന്നത്. ആഴമേറിയ കുഴികളില്‍ മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ കുഴികള്‍ ശ്രദ്ധയില്പെടാതെയും പലരും അപകടത്തിൽപെടുന്നു.
പൊതുമരാമത്ത് വകുപ്പാണ് ദേശീയപാതകള്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ഇതിനുള്ള തുക ദേശീയപാതവിഭാഗം നല്‍കിയിരുന്നു. എന്നാല്‍, വികസനഭാഗമായി 2020 ഏപ്രില്‍ 30 മുതല്‍ ദേശീയപാത അതോറിറ്റി റോഡ് പൂര്‍ണമായും ഏറ്റെടുത്തതിനാല്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ തുക കിട്ടില്ലെന്ന കാരണത്താല്‍ സംസ്ഥാന ദേശീയപാതവിഭാഗം അറ്റകുറ്റപ്പണി ഏറ്റെടുത്തിരുന്നില്ല.
തുടര്‍ന്നാണ് എം.എല്‍.എയുടെ ഇടപെടലില്‍ ആലപ്പുഴ മുതല്‍ തോട്ടപ്പള്ളി വരെ അറ്റകുറ്റപ്പണി നടത്താന്‍ ദേശീയപാതവിഭാഗം തയാറായത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു.
കുഴി അടക്കല്‍ ജോലി ആരംഭിച്ചപ്പോഴേക്കും കനത്ത മഴ തുടങ്ങി. തുടര്‍ന്നാണ് വീണ്ടും കുണ്ടും കുഴിയുമായി മാറിയത്.
ദേശീയപാതയിലെ അപകടക്കുഴികള്‍ ശ്രദ്ധയില്െപട്ടിരുന്നില്ലെന്നും എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയപാതവിഭാഗം അസി.എക്സി. എൻജിനീയർ ജോണ്‍ പറഞ്ഞു. അറ്റകുറ്റപ്പണി നടത്താൻ കരാര്‍ നല്‍കിയിട്ടുണ്ടെന്നും ഉടൻ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.