ദേശീയപാത വികസനം; വണ്ടാനത്തും ഉയരപ്പാത വേണമെന്ന ആവശ്യം ശക്തം
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പ്രധാന കവാടത്തിൽ ഉയരപ്പാത വേണമെന്ന ആവശ്യം ശക്തം. ദേശീയപാത വികസന ഭാഗമായി രൂപരേഖയിൽ അടിപ്പാതപോലും നിർദേശിക്കാതിരുന്ന സാഹചര്യത്തിൽ അതിനുള്ള നടപടി ഉണ്ടായത് സ്ഥലം എം.എൽ.എ കൂടിയായ എച്ച്. സലാമിന്റെ ഇടപെടലാണ്. ആശുപത്രിയുടെ പ്രധാന കാവാടത്തിന് വടക്കുഭാഗത്തുള്ള റോഡും ഉൾപ്പെടുത്തിയാണ് അടിപ്പാത നിർമിക്കാൻ തീരുമാനമായിരിക്കുന്നത്. എന്നാൽ, ഇത് പ്രാവർത്തികമല്ലെന്നും ഉയരപ്പാതയാണ് വേണ്ടതെന്നുമുള്ള ആവശ്യമാണ് നാട്ടുകാർക്കിടയിൽ ശക്തമായിട്ടുള്ളത്.
ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏകമെഡിക്കൽ കോളജ് ആശുപത്രി ആലപ്പുഴയാണ്. എന്നാൽ, ഒരു പ്രധാനകവാടം മാത്രമുള്ള സംസ്ഥാനത്തെ ഏക മെഡിക്കൽ കോളജ് ആശുപത്രിയും ഒരു പക്ഷേ, ആലപ്പുഴയിലേത് മാത്രമായിരിക്കും.
ആശുപത്രിയുടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും ആശുപത്രിക്ക് ഒരു പ്രധാനകവാടം മാത്രമാണുള്ളതെന്നാണ് പറയുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലേക്കുണ്ടായിരുന്ന പഴയകവാടം ഏതുനിമിഷവും ഉപയോഗപ്പെടുത്തുന്ന തരത്തിലായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പുതുതായി പൂർത്തിയാക്കിയ സൂപ്പർസ്പെഷാലിറ്റി ആശുപത്രിയിലേക്ക് എളുപ്പം കയറാനുള്ള മാർഗവും ഇത് മാത്രമാണ്. എന്നാൽ, പ്രധാനകവാടത്തിൽ എത്ര വിസ്താരമുള്ള അടിപ്പാതയാണ് വരുന്നതെങ്കിലും ഒറ്റവഴിയെ ആശുപത്രിക്ക് പ്രയോജനപ്പെടുകയുള്ളൂ എന്നാണ് നാട്ടുകാർക്കിടയിൽ ഉയരുന്നത്.
മുഖ്യകവാടത്തിലൂടെയുള്ള സഞ്ചാരം ഏതെങ്കിലും സാഹചര്യത്തിൽ അടക്കേണ്ടിവന്നാൽ വടക്കുനിന്നും വരുന്ന വാഹനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കണമെങ്കിൽ അമ്പലപ്പുഴയിലെത്തി പടിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡിലൂടെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്കുള്ള പഴയകവാടത്തിലൂടെ വേണം എത്താൻ. ഏകദേശം നാലരകിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ടിവരും. അടിയന്തര സാഹചര്യത്തിൽ ചികിത്സകിട്ടേണ്ട രോഗികളുമായെത്തുന്നവർ ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗികൾക്ക് അപകടം സംഭവിക്കാനാണിടവരും. ഇതിന് ഉയരപ്പാതമാത്രമാണ് പ്രയോഗികം. ജില്ലയിലെ തിരക്കേറിയ ഭാഗമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദേശിയപാതയിലെ മുഖ്യകവാടം.ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടെ റോഡ് മുറിച്ച് കടക്കുന്നതിന് വേണ്ട പരിഗണന നല്‍കിയിരുന്നില്ല. ഒടുവിലാണ് എം.എല്‍.എയുടെ ഇടപെടലില്‍ അടിപ്പാതക്ക് സാഹചര്യം ഒരുങ്ങിയത്.
അമ്പലപ്പുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ അടിപ്പാതകളുള്ളത്. മണ്ഡലത്തിൽ പത്തോളം അടിപ്പാതകളാണ് ഉള്ളത്. കളർകോട് ബൈപ്പാസ്, പറവൂർ,കപ്പക്കട, പുന്നപ്രമാർക്കറ്റ്,കുറവൻതോട്, വണ്ടാനം, അമ്പലപ്പുഴ, പുറക്കാട്, പുന്തല, തോട്ടപ്പള്ളി എന്നിവിടങ്ങളിലാണ് അടിപ്പാത നിർമ്മിക്കുന്നത്. ഇതിൽ പറവൂർ, വണ്ടാനം, തോട്ടപ്പള്ളി അടിപ്പാതകൾ പ്രാരംഭഘട്ടത്തിൽ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധവും തുടർന്നുള്ള സ്ഥലം എം.എൽ.എ എച്ച്. സലാമിന്റെ ഇടപെടലുമാണ് ഇവിടെയും അടിപ്പാതക്കുള്ള സാഹചര്യം ഒരുക്കിയത്. കൂടാതെ വണ്ടാനം ടി.ഡി.എം.സിക്ക് മുന്നിൽ ദേശീയപാത കടക്കാൻ നടപ്പാലത്തിനും വഴിയൊരുങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.