പഠനത്തിന് പുതുവഴി; 11 സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം
text_fieldsആലപ്പുഴ: പഠനത്തിന് പുതുവഴിയൊരുക്കി ജില്ലയിലെ 11 സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണത്തിന് 'വെതർ സ്റ്റേഷൻ' ഒരുങ്ങുന്നു. സമഗ്രശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ ജിയോഗ്രഫി വിഷയമുള്ള ഹയർസെക്കൻഡറി സ്കൂളുകളിലാണ് സ്റ്റേഷൻ തയാറാക്കുക. സ്റ്റേഷനിൽ ശേഖരിക്കുന്ന പ്രാഥമിക വിവരങ്ങൾ സ്കൂൾ വിക്കിയിലും സമഗ്രശിക്ഷ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കും.
ഗവേഷണാത്മക പഠനത്തിന്റെ വലിയ സാധ്യതയാണ് വിദ്യാർഥികൾക്ക് മുന്നിൽ തുറക്കുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദം എന്നിവ നിരീക്ഷിച്ച് ചാർട്ടിൽ രേഖപ്പെടുത്തുക, തെർമോമീറ്റർ, വൈറ്റ് ഡ്രൈ ബൾബ് തെർമോമീറ്റർ, വെതർ ഫോർകാസ്റ്റർ, മഴമാപിനി, വിൻഡ് വേവ്, വെതർ ഡാറ്റാ ബുക്ക്, ഡാറ്റാ ഡിസ്പ്ലേ ബോർഡ് തുടങ്ങിയ 13 ഉപകരണങ്ങൾ ഓരോസ്റ്റേഷനിലും സജ്ജീകരിക്കും. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ സാമഗ്രികൾ വാങ്ങുന്നതിന് പണവും നൽകിയതായി സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡി.എം. രജനീഷ് പറഞ്ഞു. മാർച്ച് 31നകം പദ്ധതി പൂർത്തിയാക്കേണ്ടതിനാൽ പ്രവർത്തനം അവസാനഘട്ടത്തിലാണ്.
ഓരോ സമയത്തെയും പ്രാദേശിക കാലാവസ്ഥാ വ്യതിയാനം നിർണയിച്ച് ജനങ്ങൾക്ക് കൈമാറാനാകും. കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നിരീക്ഷണം രേഖപ്പെടുത്തും. ഇതിന് അധ്യാപകർക്കും വിദ്യാർഥികൾക്കും വിദഗ്ധരുടെ സേവനം ഉപയോഗിച്ച് പരിശീലനം നൽകും. ഓരോ സ്കൂളിനും 13,300 രൂപ വീതമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.