ജീവനക്കാരുടെ കുറവ് മെഡിക്കൽ കോളജ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൗണ്ടർ സേവനം അവതാളത്തില്‍
text_fieldsഅമ്പലപ്പുഴ: ജീവനക്കാരുടെ കുറവുമൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൗണ്ടറിന്റ സേവനത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നു. 27 ജീവനക്കാരാണ് ഈ വിഭാഗത്തിലുള്ളത്.
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് മെഡിസിൻ കൗണ്ടറിലാണ്. ഇവിടെ ഏഴ് ഡേറ്റ എൻട്രി ഓപറേറ്റർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും രണ്ടുപേർ മാത്രമാണ് ഉണ്ടാകുക. നാല് കമ്പ്യൂട്ടറും പ്രവർത്തനക്ഷമമാണെങ്കിലും ഒരേസമയം രണ്ടു ജീവനക്കാർ മാത്രമാണ് കാണാറുള്ളത്. ഉച്ചക്കുശേഷം ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗികൾ കൂട്ടമായി എത്തുമ്പോഴും കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നതോടെ തിരക്ക് വർധിക്കുകയാണ്. രോഗികളും ബന്ധുക്കളും കൗണ്ടറിന് മുന്നിൽ തിരക്ക് കൂട്ടുന്നത് പലപ്പോഴും സംഘർഷത്തിനും കാരണമാകുകയാണ്.
പഴയ കെട്ടിടത്തിൽ മാനസിക ആരോഗ്യം, ത്വക്ക്, പി.എം.ആർ ഉൾപ്പെടെ അഞ്ച് കൗണ്ടറാണ് പ്രവർത്തിക്കുന്നത്. ഇതുകൂടാതെ കാർഡിയോളജി, അർബുദം, ഇ.എൻ.ടി യൂറോളജി, ഓർത്തോ, ഗൈനക്, സർജറി തുടങ്ങിയ വിഭാഗങ്ങളിലും കാസ്പ് കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മെഡിസിൻ കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം രോഗികൾ ദുരിതം അനുഭവിക്കുകയാണ്. ക്ലയിം കോഓഡിനേറ്ററെന്ന പേരിൽ ജനറൽ നഴ്സിങ് വിജയിച്ച നാലുപേരെയാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഡേറ്റ എൻട്രി ഓപറേറ്റർമാർ കൃത്യമായി കേസ് ഷീറ്റ് അപലോഡ് ചെയ്യുന്നതുകൊണ്ട് ക്ലയിം കോഓഡിനേറ്റർമാരെ ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. ഇവരെ മറ്റ് കൗണ്ടറുകളിലേക്ക് പുനർവിന്യസിച്ചാൽ ഒരു പരിധിവരെ രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ ഇപ്പോൾ വൈകീട്ട് അഞ്ച് മുതൽ 11 വരെയും 11ന് ശേഷം ഓരോ ജീവനക്കാരനെയുമാണ് നിയോഗിച്ചിരിക്കുന്നത്. സീൽ ചെയ്യാൻ നിയോഗിച്ചിരിക്കുന്ന ഡേറ്റ എൻട്രി ഓപറേറ്റർമാരെ മെഡിസിൻ കൗണ്ടറിൽ നിയോഗിച്ചാൽ ഇവിടുത്തെ തിരക്ക് പരിഹരിക്കാൻ കഴിയും.
മെഡിസിൻ കൗണ്ടറിൽ അഞ്ചു ജീവനക്കാർ ഒരേ സമയം ജോലി ചെയ്താലേ പരാതികൾ പരിഹരിക്കാൻ കഴിയൂ. ഇതിന് അധികമായി കമ്പ്യൂട്ടർ സ്കാനർ, ഡിവൈസ് എന്നിവ വാങ്ങിയാൽ മതി. അഡ്മിറ്റായ രോഗികളെ പിന്നീട് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചാലും ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോൾ വൈകുന്നേരമാകും. ഡിസ്ചാർജാകുന്ന രോഗികൾ ഒരേ സമയം കൂട്ടമായി മെഡിസിൻ കൗണ്ടറിലെത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണം. ഇതിന് പരിഹാരമായി ഡിസ്ചാർജാകുന്ന രോഗികളെ പരമാവധി വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണെങ്കിൽ കൗണ്ടറിലെ തിരക്ക് കുറക്കാൻ കഴിയും. ഇതിന് പി.ജി ഡോക്ടർമാർക്ക് നിർദേശം നൽകാത്തതാണ് തിരക്ക് വർധിക്കാൻ കാരണം. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ തയാറാകുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.