കള്ള് കൊടുത്തില്ല; മുറിയിൽ പൂട്ടിയിട്ട് ചെത്തുതൊഴിലാളിയെ മർദിച്ചു
text_fieldsഅമ്പലപ്പുഴ: മദ്യനിരോധന ദിവസം കള്ള് കൊടുക്കാതിരുന്നതിെൻറ പേരിൽ ചെത്തുതൊഴിലാളിയെ രണ്ടുദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കരിമ്പാവളവ് ബിനീഷ് ഭവനത്തിൽ ജയപ്രകാശിനെയാണ് (50) ക്വട്ടേഷൻ സംഘം കെട്ടിയിട്ട് മർദിച്ചത്.
ചൊവ്വാഴ്ച രാവിലെ പനച്ചുവട് ഷാപ്പിൽ ജയപ്രകാശ് കള്ള് അളക്കുന്നതിനിടെ പറവൂർ സ്വദേശിയായ സനീഷ് കള്ള് ആവശ്യപ്പെട്ടെത്തി. എന്നാൽ, അവധി ആയതിനാൽ കള്ള് നൽകിയില്ല.
ഇതേതുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രാത്രി 11ഓടെ സനീഷും സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘത്തിലെ കെണമ്പ് െഷജീർ എന്ന ഷെജീർ, കാലൻ ബൈജു എന്ന ബൈജു, ജോബ് എന്നിവരുമായി ജയപ്രകാശ് താമസിക്കുന്ന പറവൂരിെല മുറിയിലെത്തി ആക്രമിക്കുകയായിരുന്നു.
മാരകായുധങ്ങളുമായെത്തിയ സംഘം ജയപ്രകാശിനെ മുറിക്കുള്ളിൽ കെട്ടിയിട്ട് മർദിച്ചു. മർദനം വ്യാഴാഴ്ച രാവിലെയാണ് നിർത്തിയത്. വിവരം പുറത്തറിയിച്ചാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ജയപ്രകാശിനെ സ്വതന്ത്രനാക്കിയത്. രാവിലെ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ജയപ്രകാശ് കുഴഞ്ഞുവീണു.
സമീപത്തുള്ളവർ ഓടി എത്തിയപ്പോഴാണ് പരിക്കേറ്റത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് മർദനമേറ്റ വിവരം പുറത്തറിയുന്നത്. പുന്നപ്ര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.