മേല്‍പാലം നിറയെ കുഴികൾ; കണ്ണിൽപൊടിയിട്ട് വീണ്ടും മൂടൽ
text_fieldsഅമ്പലപ്പുഴ: അപകടക്കെണിയായ കാക്കാഴം റെയിൽവേ മേൽപാലത്തിലെ കുഴികള്‍ പ്രതിഷേധത്തെ തുടർന്ന് വീണ്ടും അടച്ചു.എച്ച്. സലാം എം.എല്‍.എ ഇടപെട്ടിതിന് ശേഷമാണ് താൽകാലാകമായി കുഴികള്‍ ടാർ ചെയ്ത് അടക്കാൻ നടപടിയായത്. മഴ ശക്തമായതോടെ കുഴികൾ ഗർത്തങ്ങളായി മാറിയിരുന്നു.
അപകടങ്ങളും പരാതികളും വ്യാപകമാകുമ്പോൾ ചെറിയ ചാക്കുകളിൽ ഗ്രാവലുമായെത്തി കുഴി മൂടൽ പ്രഹസനമാണ് നടക്കുന്നത്. ഉദ്യോഗസ്ഥർ പാലമിറങ്ങുന്നതിന് മുമ്പ് തന്നെ കുഴി പഴയ അവസ്ഥയാകും.പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയകുഴികൾ രൂപപ്പെട്ടിരുന്നു. ഇതിൽ വീണ് അപകടമുണ്ടാകാത്ത ദിവസങ്ങളില്ല. കൂടുതലും അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനക്കാരാണ്. രാത്രിയിലാണ് ഏറെയും.
കഴിഞ്ഞദിവസം രാത്രി രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു.അപകടം നടന്നതിന് പിന്നാലെ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി രാത്രിയിൽത്തന്നെ കുഴി താൽക്കാലികമായി അടച്ചു.അപ്പോഴും കുഴിയടക്കേണ്ട ഉദ്യോഗസ്ഥർ അനങ്ങിയിരുന്നില്ല. സ്കൂൾ തുറന്നതോടെ റോഡിൽ തിരക്ക് നിയന്ത്രണാതീതമാണ്. കാറുകളും ഇരുചക്ര വാഹനങ്ങളും കുഴികളിൽവീണ് ടയർ പഞ്ചറാകുകയും പൊട്ടുകയും ചെയ്യുന്നത് പതിവാണ്. നിരവധി പേരാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
കുഴിയിൽവീണ് ദമ്പതികൾക്ക് പരിക്ക്
അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിലെ കുഴിയിൽവീണ് നിയന്ത്രണംവിട്ട പെട്ടി ഗുഡ്സ് ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതരപരിക്ക്. കായംകുളം കരീലക്കുളങ്ങര കൊറ്റുകുളങ്ങര ചാങ്ങയിൽ വടക്കതിൽ ഹാഷിം (40), ഭാര്യ റസീന(36) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10നായിരുന്നു അപകടം. മുക്കാൽമണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നാലെയെത്തിയ പിക്അപ് വാനും പെട്ടിഓട്ടോയിലിടിച്ചു.
തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പെട്ടിഓട്ടോ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അമ്പലപ്പുഴ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.