പാത്തുമ്മാബീവിക്ക് വേണ്ടത് സുരക്ഷിതമായ വീട്
text_fieldsഅമ്പലപ്പുഴ: ആകാശത്ത് കാര്‍മേഘം ഉരുണ്ട് കൂടിയാല്‍ പാത്തുമ്മാബീവിയുടെ ഇടനെഞ്ച് പിടയും. രാത്രി ശക്തമായ ഇടിയും കാറ്റുമുണ്ടെന്നറിഞ്ഞാല്‍ വയോധിക വാതില്‍പ്പടി വിടാതെ നേരം വെളുപ്പിക്കും. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുത്തൻ പുരക്കൽ ലക്ഷം വീട്ടിൽ പാത്തുമ്മാ ബീവി (70) യും മകളും ചെറുമകനുമാണ് ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഭീതിയോടെ കഴിയുന്നത്. 60 വർഷം മുമ്പ് ലക്ഷം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മഴയത്തും വീടിന്‍റെ ഭാഗങ്ങള്‍ പലതും അടര്‍ന്ന് വീഴും. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കനത്ത മഴയിലും കാറ്റിലും അടുക്കള ഭാഗം പൂർണമായി തകർന്നു. തുടർന്ന് മറ്റ് മുറികളുടെ ഭിത്തിയും ഇടിഞ്ഞു തുടങ്ങി. മകൾ സുഹ്റാബീവി, മകൻ ആറ് വയസ്സുകാരൻ ലസിൻ അസ്ലം എന്നിവർ രാത്രിയും പകലും ഭീതിയോടെയാണ് കഴിയുന്നത്.
ഭിത്തികൾ തകർന്നതിനാൽ ഒരു മുറിയും സുരക്ഷിതമല്ല. കഴുത്തിലെ ഞരമ്പിന് തേയ്മാനവും വെരിക്കോസുമായി ദുരിതത്തിലാണ് പാത്തുമ്മാബീവി. വൃക്ക രോഗിയാണ് സുഹ്റാബീവി. ചെമ്മീൻ കിള്ളി കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്‍റെ ഏകാശ്രയം. സുഹ്റാബീവി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് ലൈഫ് പദ്ധതിക്ക് അപേക്ഷ സ്വീകരിച്ചത്. പിന്നീട് കലക്ടറേറ്റിൽ അപേക്ഷ നൽകിയപ്പോൾ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയെങ്കിലും ഉൾപ്പെട്ടില്ല. താൽക്കാലികമായി ഷെഡ് നിർമിച്ച് താമസം മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പണമില്ലാത്തതിനാൽ ഇതും സാധ്യമായിട്ടില്ല.
വീട് ഏത് നിമിഷവും തകരുമെന്ന ആശങ്കയുള്ളതിനാൽ തൊട്ടടുത്ത വീട്ടുകാരും ഭീതിയിലാണ്. സൻമനസ്സുള്ളവരുടെ കൈത്താങ്ങ് മാത്രമാണ് ഇനി ഏക ആശ്രയം. അതിനായി സുഹ്റാബീവിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ശാഖയിൽ 0145053000014635 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങി. ഫോൺ 9895010655.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.