യുവാവിന് ദേഹോപദ്രവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം
text_fieldsഅമ്പലപ്പുഴ: യുവാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശം. പുന്നപ്ര തെക്ക് ആറാം വാര്‍ഡില്‍ കളരിക്കൽ വീട്ടിൽ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴ സൗത്ത് എസ്.ഐ ആയിരുന്ന എൻ. കെ രാജേഷ്, പ്രൊബേഷൻ എസ്.ഐയായിരുന്ന സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്. കുളത്തിൽ നിന്ന് മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ ചൊല്ലിയാണ് ഇരുവരും ചേര്‍ന്ന് മനോജിനെ മര്‍ദ്ദിച്ചത്. 2017ലാണ് സംഭവം. തുടര്‍ന്നാണ് മനോജ് സംസ്ഥാന പൊലീസ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയത്.
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടതിനാൽ വകുപ്പ്തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിക്കും, കൊച്ചി റേഞ്ച് ഐ.ജിക്കും നിർദ്ദേശം നൽകുകയായിരുന്നു. നടപടി സ്വീകരിച്ച വിവരം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സൗത്ത് എസ്.ഐ ആയിരുന്ന എന്‍.കെ. രാജേഷ് പിന്നീട് നോര്‍ത്ത് സി.ഐ ആയി ചുമതലയേറ്റിരുന്നു.
തെരഞ്ഞെടുപ്പ് ചട്ട ഭാഗമായി സ്ഥലം മാറിയെത്തിയ രാജേഷ് മണ്ണഞ്ചേരി സ്റ്റേഷനില്‍ അടുത്ത ദിവസം സി.ഐ ആയി ചുമതലയേല്‍ക്കാന്‍ ഇരിക്കവേയാണ് അച്ചടക്ക നടപടിക്ക് വിധേയനായത്. മനോജിന് വേണ്ടി അഭിഭാഷകരായ ചാൾസ് ഐസക്, അസ്ഹർ അഹമ്മദ് എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.