നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങി ഡോക്ടർമാരുടെ സ്വകാര്യ ചികിത്സ
text_fieldsഅമ്പലപ്പുഴ: നോൺ പ്രാക്ടീസിങ് അലവൻസ് മാസം തോറും കൈപ്പറ്റുന്ന ഡോക്ടർമാർ വീടുകളിൽ സ്വകാര്യ പ്രാക്ടീസും നടത്തുന്നു. സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ആരോഗ്യവകുപ്പ് തന്നെ ഇക്കാര്യം വ്യക്തമാക്കി.
സർക്കാർ ഖജനാവിൽനിന്ന് ഈവകയിൽ കോടികളാണ് പ്രതിമാസം ചോരുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ്, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിങ് അലവൻസ് നടപ്പാക്കിയത്. സാധാരണ രോഗികൾക്ക് കൂടുതൽ സമയം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനായിരുന്നു ഇത്.
സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഭൂരിഭാഗം ഡോക്ടർമാരും വീടുകളിൽ പ്രാക്ടീസ് നടത്തുന്നതുമൂലം ആശുപത്രികളിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനു പരിഹാരമായാണ് വീടുകളിൽ പ്രാക്ടീസ് ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയത്. പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടർമാർക്ക് ബേസിക് പേയുടെ 20 ശതമാനമാണ് നോൺ പ്രാക്ടീസിങ് അലവൻസായി നൽകുന്നത്.
സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാൻ സർക്കാർ അനുവദിച്ച ഈ അലവൻസും വാങ്ങി ഡോക്ടർമാർ വീടുകളിൽ ഉൾപ്പെടെ രോഗികളെ പരിശോധിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 250 ഡോക്ടർമാർക്കായി 45,07,000 രൂപയാണ് മാസം നോൺ പ്രാക്ടീസിങ് അലവൻസായി നൽകുന്നത്. കേരളത്തിലെ മറ്റ് മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർക്ക് ഉൾപ്പെടെ ഈയിനത്തിൽ കോടികളാണ് സർക്കാർ ഖജനാവിൽനിന്ന് നൽകുന്നത്. ഭൂരിഭാഗം ഡോക്ടർമാരും ഉച്ചക്കുശേഷം ആശുപത്രികളിലെ സേവനം അവസാനിപ്പിച്ച് വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്.
സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിങ് അലവൻസ് നൽകുന്നത് ഒഴിവാക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് നിരോധിക്കുകയോ നോൺ പ്രാക്ടീസിങ് അലവൻസ് നൽകുന്നത് നിർത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.