ജി. സുധാകരന് സീറ്റ് നൽകാത്തതിൽ മണ്ഡലത്തിൽ പ്രതിഷേധം; പാർട്ടിക്കുള്ളിലും പുകയുന്നു
text_fieldsഅമ്പലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി ജി. സുധാകരന് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ പലയിടങ്ങളിലും പോസ്റ്റർ പ്രചാരണത്തിലൂടെ പ്രതിഷേധത്തിന് തുടക്കംകുറിച്ചു. പാർട്ടിക്കുള്ളിലും പുകയുന്ന പ്രതിഷേധം അടുത്ത ദിവസങ്ങളിൽ മറനീക്കി പുറത്തുവരാനിടയുണ്ട്.
യു.ഡി.എഫിന് അനുകൂല മണ്ഡലമായ അമ്പലപ്പുഴ കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി എൽ.ഡി.എഫിന് നിലനിർത്താനായത് സുധാകരൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ്. ഇത്തവണ മത്സരിക്കേണ്ടെന്ന നിർദേശം ഇടതുമുന്നണിക്ക് സീറ്റ് നഷ്ടമാക്കുമെന്ന നിലപാടിലാണ് പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്. മണ്ഡലത്തിെൻറ വികസനത്തിന് സുധാകരൻതന്നെ വേണമെന്ന നിലയിലാണ് പൊതുവായ ജനവികാരവും. എതിരാളികൾക്കുപോലും അഴിമതി ആരോപിക്കാനാകാത്ത സുധാകരൻ ഇത്തവണയും അമ്പലപ്പുഴയിൽ മത്സരിക്കണമെന്നാണ് ഇടതുപക്ഷത്തോട് അനുഭാവമുള്ള യുവജനങ്ങളും വനിതകളും ആവശ്യപ്പെടുന്നത്.
വി.എസ്. അച്യുതാനന്ദന് പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ സംസ്ഥാനത്താകെ പ്രതിഷേധം ഇരമ്പിയിരുന്നു. അന്ന് ജനവികാരം മാനിച്ച് വി.എസിന് സീറ്റ് നൽകേണ്ടിവന്നു. അടുത്ത ദിവസങ്ങളിൽ അമ്പലപ്പുഴയിലും 'ജി.എസ്' അനുകൂല പോസ്റ്ററുകൾ പ്രചരിക്കാനിടയുണ്ട്. പറവൂർ ജങ്ഷനിൽ വെള്ളിയാഴ്ച വൈകീട്ടോടെ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് സുധാകരന് അനുകൂല പ്രതിഷേധ പ്രചാരണത്തിെൻറ തുടക്കം മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ, ജില്ലയുടെ സമഗ്രവികസനത്തിന് വലിയ സംഭാവനകൾ നൽകിയ ജി. സുധാകരനെയും തോമസ് ഐസക്കിനെയും സ്ഥാനാർഥികളാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വികസന പ്രക്രിയകൾ പൂർത്തീകരിക്കാൻ ഇവർ പ്രതിനിധികളായി എത്തേണ്ടത് ആവശ്യമാണെന്ന് ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.