പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനാചരണം; രക്തം ചിന്തിയ മണ്ണില്‍ ഇന്ന് ആയിരങ്ങള്‍ അണിചേരും
text_fieldsഅമ്പലപ്പുഴ: പുന്നപ്ര വയലാർ സമരത്തിൽ വീര മൃത്യുവരിച്ച സമരസേനാനികൾ അന്തിയുറങ്ങുന്ന സമരഭൂമിയിലെ ബലികുടീരത്തിൽ ആയിരങ്ങൾ തിങ്കളാഴ്ച പുഷ്പാർച്ചന നടത്തും. പുന്നപ്ര വയലാർ 77ാമത് രക്തസാക്ഷി വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന പുഷ്പാർച്ചന റാലിയിൽ ആയിരങ്ങൾ അണിനിരക്കും.
പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിൽനിന്നുള്ള വാർഡുതല വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെയാണ് ജാഥ. പുന്നപ്ര തെക്ക് വാരാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ പുന്നപ്ര കളിത്തട്ട് ജങ്ഷനില്‍ ഒത്തുചേര്‍ന്ന് ജാഥയില്‍ അണിനിരക്കും.
പുന്നപ്ര വടക്ക് വാരാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ളവര്‍ പറവൂരിലും കളര്‍കോടും അണിനിരക്കും. രാവിലെ 10ഓടെ കളര്‍കോട് നിന്നാരംഭിക്കുന്ന ജാഥ പറവൂരില്‍ എത്തുമ്പോള്‍ ഇവിടെനിന്നുള്ള അണികളും ഒപ്പംചേരും. കപ്പക്കട ജങ്ഷനില്‍ എത്തുമ്പോള്‍ പുന്നപ്ര തെക്കിലെ പ്രവര്‍ത്തകരും ജാഥയില്‍ സംഗമിച്ച് സമരഭൂമിയില്‍ എത്തും.
പകൽ 11ഓടെ സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തും. രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സി.പി.എം, സി.പി.ഐ ജില്ല സെക്രട്ടറിമാരായ ആർ. നാസർ, ടി.ജെ. ആഞ്ചലോസ് എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികൾ, ഗോപകുമാർ താഴമഠത്തിന്റെ ഒറ്റയാൾ നാടകം എന്നിവ നടക്കും.
വൈകീട്ട് മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സമരനായകൻ പി.കെ. ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് കൊളുത്തിനൽകുന്ന ദീപശിഖ അത്ലറ്റ് എൻ. ശിവകുമാർ ഏറ്റുവാങ്ങി പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലൂടെ പ്രയാണം നടത്തി വൈകീട്ട് ആറിന് സമരഭൂമിയിൽ എത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ്ഏറ്റുവാങ്ങുന്ന ദീപശിഖ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.
പുറക്കാട്, അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളിലെ വാർഡ്തല വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറുജാഥകൾ വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷനിലും ഒത്തുചേരും. വൈകീട്ട് നാലിന് ആരംഭിക്കുന്ന ജാഥ സമരഭൂമിയില്‍ എത്തി ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ അധ്യക്ഷനാകും. രാത്രി എട്ടിന് കെ.പി.എ.സിയുടെ മുടിയനായ പുത്രൻ നാടകവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.