രോഗവും മരുന്നുമില്ലാത്തൊരു നാടൊരുക്കാന് പുറക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
text_fieldsഅമ്പലപ്പുഴ: ജീവിതശൈലീരോഗം നിയന്ത്രിച്ചവർക്ക് സമ്മാനങ്ങൾ നൽകി പ്രാഥമിക ആരോഗ്യകേന്ദ്രം. രോഗവും മരുന്നുമില്ലാത്തൊരു നാട് സൃഷ്ടിക്കാനൊരുങ്ങുകയാണ് പുറക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം.
ഇതിന്റെ ഭാഗമായി പ്രമേഹവും രക്തസമ്മർദവും കുറഞ്ഞ രോഗികൾക്ക് സമ്മാനങ്ങളും കൈമാറി. പുറക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ രക്തസമ്മർദത്തിനും പ്രമേഹത്തിനും വർഷങ്ങളായി 613 പേരാണ് ചികിത്സ തേടിയിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും മരുന്നുകൾ തുടർച്ചയായി കഴിക്കുന്നതല്ലാതെ ജീവിതശൈലീരോഗ നിയന്ത്രണത്തിനായി ഒന്നും ചെയ്തിരുന്നില്ല.
ചിലരെ ഗുരുതരമായി ഐ.സി.യുവിൽ വരെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുമുണ്ട്. ഇതോടെയാണ് രക്തസമ്മർദ, പ്രമേഹബാധിതരുടെ എണ്ണം നിയന്ത്രിക്കാൻ മെഡിക്കൽ ഓഫിസർ ഡോ. ഷിബു സുകുമാരന്റെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. തുടർന്ന് സ്ഥിരമായി മരുന്ന് കഴിക്കുന്നവരെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുകയും ജീവിതശൈലീരോഗം നിയന്ത്രിക്കാൻ ബോധവത്കരണവും നടത്തി. കളർ കോഡിങ് രീതിയിലൂടെ ജീവിതശൈലി, പ്രമേഹം, രക്തസമ്മർദം എന്നീ രോഗങ്ങളുടെ തീവ്രത തരം തിരിച്ചത്. ഇതിന്റെ ഫലമായി നിരവധി പേർക്ക് രക്തസമ്മർദവും പ്രമേഹവും നിയന്ത്രണ വിധേയമായി. ഇവർക്കാണ് സമ്മാനങ്ങൾ നൽകിയത്.
അനാവശ്യമായി മരുന്ന് കഴിക്കുന്നതും ആവശ്യത്തിന് മരുന്ന് കഴിക്കാതിരിക്കുന്നതും ദോഷകരമാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയതെന്ന് ഡോ. ഷിബു സുകുമാരൻ പറഞ്ഞു. പക്ഷാഘാതം, ഹൃദ്രോഗം, വൃക്ക രോഗം, പെട്ടെന്നുണ്ടാകുന്ന മരണം എന്നിവ തടയാൻ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെയും കൃത്യമായ മരുന്നിലൂടെയും സാധിക്കുമെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനു വർഗീസ് സമ്മാനങ്ങൾ വിതരണം ചെയ്തു. സീനത്ത് ഒന്നാം സമ്മാനവും തങ്കമ്മ രണ്ടാം സ്ഥാനവും സിദ്ദീഖ് മൂന്നാം സ്ഥാനവും നേടി.
പ്രഷർ കുക്കർ, കാസറോൾ, ക്രോക്കറി എന്നിവയാണ് സമ്മാനമായി നൽകിയത്. സമ്മാനം ലഭിച്ചവർ അനുഭവങ്ങളും പങ്കുവെച്ചു. ജീവിതശൈലീരോഗ നിയന്ത്രണ നോഡൽ ഓഫിസർ ആന്റണി, ഡോ. ഹരിശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ ആസാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.