റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്ക് അടച്ചു; സമാന്തരപാതയിൽ യാത്ര ദുരിതം
text_fieldsഅമ്പലപ്പുഴ: റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി മൂന്ന് ദിവസത്തേക്കടച്ചു. തകർന്നു കിടക്കുന്ന സമാന്തര പാതയിലൂടെയുള്ള യാത്ര ദുരിതമാകുന്നു.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റാണ് വ്യാഴാഴ്ച രാവിലെ മുതൽ ശനിയാഴ്ചവരെ അടച്ചിട്ടത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ആലപ്പുഴയിൽനിന്നും തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്നുമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ തകഴിയിൽ സർവിസ് അവസാനിപ്പിച്ചു.
ഗേറ്റടച്ചതോടെ കരുമാടി പടഹാരം എല്ലോറവഴി തകഴി ജങ്ഷനിൽ വാഹനങ്ങൾ പ്രവേശിക്കാനാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ, ചെറിയ ഈ റോഡ് തകർന്നുകിടക്കുന്നതും റോഡിൽ നെല്ല് കൂട്ടിയിടിരുന്നതും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ചെറുവാഹനങ്ങൾക്കു മാത്രമേ ഇതിലൂടെ സഞ്ചരിക്കാൻ കഴിയൂ. വിവിധ പാടശേഖരങ്ങളിൽനിന്ന് കൊയ്തെടുത്ത നെല്ല് ഈ റോഡിനരികിലാണ് സംഭരണത്തിനായി കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരിക്കാൻ വലിയ ലോറികളും എത്തിയിരുന്നു. ഈ സമയത്താണ് റെയിൽവേ ഗേറ്റടച്ചതു മൂലം വാഹനങ്ങൾ ഈ റോഡിലൂടെ തിരിച്ചുവിട്ടത്. ആംബുലൻസുകളും ഈ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു. അമ്പലപ്പുഴ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ കൊയ്തെടുത്ത നെല്ലെല്ലാം കയറ്റിവിടാമായിരുന്നുവെന്നാണ് കർഷകർ പറയുന്നത്. വാഹനങ്ങൾ ഈ റോഡിലൂടെ തിരിച്ചു വിട്ടതോടെ നെല്ല് ലോറികളിൽ കയറ്റാൻ കാലതാമസമെടുക്കുകയാണ്.മഴ കനത്താൽ ഈ നെല്ലെല്ലാം നനയുമെന്ന ആശങ്കയാണ് കർഷകർക്ക്.
റെയിൽവെ ഗേറ്റടക്കുമ്പോൾ വഴി തിരിച്ചുവിടുന്ന സമാന്തരപാതകളെല്ലാം തകർന്നു കിടക്കുകയാണ്. ഇവയുടെ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ റെയിൽവെ തയാറാകണമെന്ന് തകഴി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.അജയകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.