പെരുമഴ: കർഷകർ ആശങ്കയിൽ
text_fieldsഅമ്പലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴ നെൽ, മത്സ്യ കർഷകരെ ആശങ്കയിലാക്കി. രണ്ടാം കൃഷിക്ക് ഒരുങ്ങിയ പാടശേഖരങ്ങളെ വെളളത്തിലാക്കിയതാണ് നെൽകർഷകരെ ആശങ്കയിലാക്കിയത്. ജൂൺ ആദ്യവാരം വിതക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കർഷകർ. രണ്ടാം കൃഷിക്ക് മുന്നോടിയായി കളകിളിർപ്പിച്ച് നശിപ്പിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു പൊടുന്നനെ നിർത്താതുള്ള മഴയിൽ പാടശേഖരങ്ങൾ മുങ്ങിയത്. .
പുന്നപ്ര തെക്ക്-വടക്ക്, അമ്പലപ്പുഴ തെക്ക്- വടക്ക് പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളാണ് രണ്ടാം കൃഷിക്കായി കളകിളിർപ്പിച്ച് നശിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. പൂന്തുരം, പാര്യക്കാടൻ, പൊന്നാകരി, പരപ്പിൽ, വെട്ടിക്കരി, നാലുപാടം തുടങ്ങിയ പാടശേഖരങ്ങളെല്ലാം രണ്ടാം കൃഷിക്കുള്ള ഒരുക്കത്തിലായിരുന്നു. ശക്തമായ മഴയിൽ കുളങ്ങൾ മുങ്ങിയതാണ് മത്സ്യകർഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
കുളങ്ങൾമുക്കി കര നിറഞ്ഞതോടെ മത്സ്യം പുറത്തുപോകുമെന്ന ആശങ്കയാണ് മത്സ്യകർഷകർക്കുള്ളത്. മഴക്കാല മുന്നൊരുക്കങ്ങളിൽ വന്ന വീഴ്ചയാണ് നീരൊഴുക്കിന് തടസമായിട്ടുള്ളത്.
മഴ അടുത്തദിവസങ്ങളിലും തുടർന്നാൽ പല കുളങ്ങളിലെയും വളർത്തുമത്സ്യം പുറത്തുപോയേക്കും. സംരക്ഷണവലകൾ ഉണ്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും ഇവയെല്ലാം പലയിടങ്ങളിലും നശിച്ചു.
മറ്റ് കൃഷികൾക്ക് വിളനാശപരിരക്ഷ ഉണ്ടെങ്കിലും മത്സ്യകൃഷിക്ക് ഇതില്ലാത്തതിനാൽ കർഷകർക്ക് യാതൊരു ആനുകൂല്ല്യവും കിട്ടാറില്ല. ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കി കരവെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിച്ചാലെ മത്സ്യകൃഷിയെ സംരക്ഷിക്കാൻ പറ്റുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.