ജലാശയങ്ങളിൽ ഉപ്പിന്റെ അളവ് വർധിച്ചു; കതിര് പതിരാകുമെന്ന ഭീതിയിൽ കർഷകർ...
text_fieldsഅമ്പലപ്പുഴ: കരിനില കാർഷിക മേഖലയിൽ രണ്ടാം കൃഷിക്ക് ഉപ്പുവെള്ള ഭീഷണി. ടി.എസ് കനാലിൽ പുറക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഉപ്പിന്റെ അളവ് അനുവദനീയമായതിലും അധികമുള്ളതായി കണ്ടെത്തി. കതിര് വരാറായ സമയത്ത് ഉപ്പുവെള്ളം കയറിയാൽ കൃഷി നശിക്കാനിടയുള്ളത് കർഷകരെ ആശങ്കയിലാക്കുന്നു. തോട്ടപ്പള്ളി സ്പിൽവേ വഴിയാണ് കാർഷിക മേഖലയിലേക്ക് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത്. രണ്ട് ശതമാനമാണ് വെള്ളത്തിൽ ഉപ്പിന്റെ അനുവദനീയമായ അളവ്. ടി.എസ് കനാലിൽ മൂന്നര ശതമാനം ഉപ്പുള്ളതായാണ് കണ്ടെത്തിയത്.
തോട്ടപ്പള്ളി സ്പിൽവേയോട് അടുത്തുകിടക്കുന്ന പുറക്കാട് പഞ്ചായത്തിലെ അപ്പാത്തിക്കരി, ഇല്ലിച്ചിറ, മലയിൽത്തോട് പാടശേഖരങ്ങളാണ് നിലവിൽ ഭീഷണിയിലായത്. പലയിടത്തും കൃഷി വിതച്ചിട്ട് 45നും അറുപതിനുമിടയിൽ ദിവസങ്ങളേ ആയിട്ടുള്ളൂ. കതിരുവരാറാകുന്ന സമയത്ത് ഉപ്പുവെള്ളം കയറിയാൽ നെൽച്ചെടികളിൽ മഞ്ഞനിറം വരാനും തുടർന്ന് കരിഞ്ഞുപോകാനും ഇടയുള്ളതായി മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തുടർന്നു മഴ പെയ്താൽ മാത്രമേ ഇതിന് പരിഹാരമാകുവെന്നും കേന്ദ്രം വിശദീകരിക്കുന്നു.
രാത്രി മീൻപിടിത്തക്കാർക്കായി തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറന്നുകൊടുക്കുന്നതാണ് കാർഷിക മേഖലയിൽ ഉപ്പുവെള്ളം കയറാൻ ഇടയാക്കുന്നതെന്നാണ് കർഷകരുടെ ആരോപണം. നിലവിൽ കാർഷിക മേലയിൽ ജലനിരപ്പ് കടലിനേക്കാൾ താഴെയാണ്. വേലിയേറ്റസമയത്ത് സ്പിൽവേ വഴി ശക്തമായ അളവിൽ ഉപ്പുവെള്ളം കയറും. താൽക്കാലികമായി ചുമതലയേൽപിക്കപ്പെട്ടവരാണ് ഷട്ടർ പ്രവർത്തിപ്പിക്കാറുള്ളത്. രണ്ടാംകൃഷി 50 ദിവസം പിന്നിട്ടപ്പോൾത്തന്നെ ഏക്കറിന് ഇരുപതിനായിരത്തിലധികം രൂപ ചെലവഴിച്ചു കഴിഞ്ഞതായി കർഷകർ പറയുന്നു. വിളവെടുക്കാൻ ഇനിയും 70 ദിവസത്തിലധികമുണ്ട്.
അതിനിടെയാണ് ഉപ്പുവെള്ള ഭീഷണി. കാലാവസ്ഥയിലെ മാറ്റമാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇപ്പോൾ മങ്ങിയ അന്തരീക്ഷമായതിനാൽ പുഴുക്കളുടെ ശല്യവുമുണ്ട്. കാർഷിക കലണ്ടർ തെറ്റിച്ചതാണ് സ്ഥിതിഗതികൾ പ്രതികൂലമാക്കിയതെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.