സമൂഹപ്പെരിയോൻ ഇത്തവണ പേട്ടതുള്ളലിനില്ല
text_fieldsഅമ്പലപ്പുഴ: നീണ്ട 68 വർഷം ശബരിമല കയറിയ സമൂഹപ്പെരിയോൻ ഇത്തവണ പേട്ടതുള്ളലിന് അയ്യപ്പസന്നിധിയിലേക്കില്ല. കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഇത്തവണ ഭവനം അയ്യപ്പസന്നിധാനമാക്കുന്നത്.
20ാം വയസ്സിലാണ് കളത്തിൽ ചന്ദ്രശേഖരൻ ആദ്യമായി മല ചവിട്ടുന്നത്. പിന്നീട് എല്ലാ മാസവും അയ്യപ്പസന്നിധിയിലെത്തിയിരുന്നു. പെരിയ സ്വാമിയായിട്ട് 22 വർഷം പിന്നിട്ടു. മല കയറാൻ തുടങ്ങിയശേഷം ആദ്യമായാണ് അയ്യപ്പസന്നിധിയിലേക്കുള്ള യാത്ര മുടങ്ങുന്നത്.
എല്ലാ വർഷവും നൂറുകണക്കിന് ഭക്തരുമായി ഇദ്ദേഹം പേട്ടതുള്ളലിന് അയ്യപ്പെൻറ മാതൃസന്നിധിയായ അമ്പലപ്പുഴയിൽനിന്ന് യാത്ര തിരിച്ചിരുന്നു. വെള്ളിയാഴ്ച അയ്യപ്പഭക്ത സംഘത്തിെൻറ നേതൃത്വത്തിൽ പേട്ടതുള്ളലിന് പുറപ്പെടുമെങ്കിലും സ്വാമിഭക്തരെ യാത്രയാക്കാൻ മാത്രമാകും പെരിയോൻ എത്തുക. ആറ് പതിറ്റാണ്ടിലധികമായി ശബരിമല തീർഥാടനത്തിന് മുറപ്രകാരം അമ്പലപ്പുഴ സംഘത്തെ നയിച്ചിരുന്നത് ഈ സ്വാമിഭക്തനായിരുന്നു. ശതാഭിഷിക്ത നിറവിൽ നിൽക്കുന്ന ചന്ദ്രശേഖരൻ നായർ മുന്നൂറ്റമ്പതിലേറെ തവണയാണ് മലകയറി അയ്യപ്പദർശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.