തോട്ടപ്പള്ളി മണല്‍ ഖനനം; വ്യവസ്ഥകള്‍ ലംഘിച്ച് പൊഴിമുഖത്തുനിന്ന് മണല്‍ കടത്ത്
text_fieldsഅമ്പലപ്പുഴ: മണല്‍ എടുക്കാനുള്ള വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി തോട്ടപ്പള്ളി പൊഴിമുഖത്തുനിന്നുള്ള മണല്‍കടത്ത് നാട്ടുകാര്‍ തടഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് നാട്ടുകാര്‍ സംഘടിച്ച് മണലെടുപ്പ് തടഞ്ഞത്.
രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെ മണല്‍ എടുക്കാനും ലോറികളില്‍ കൊണ്ടുപോകാനുമാണ് അനുമതിയുള്ളത്. കഅവധി ദിവസങ്ങളില്‍ മണലെടുപ്പും നീക്കവും പാടില്ലെന്നും കരാര്‍ വ്യവസ്ഥയിലുണ്ട്. കരാര്‍ നല്കിയ കഴിഞ്ഞ അഞ്ച് മുതല്‍ രാത്രിയും പകലും പൊഴിമുഖത്തുനിന്നും മണല്‍ കുഴിച്ചെടുക്കുക മാത്രമല്ല, നൂറുകണക്കിന് ടോറസുകളിലാണ് കൊണ്ടുപോകുന്നത്. എവിടേക്കാണെന്നൊ എത്ര ക്യുബിക് അടി മണ്ണ് കൊണ്ടുപോകുന്നതിന് രേഖയില്ലെന്നും പരാതിയുണ്ട്.
രാത്രി കൂറ്റന്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും മണ്ണ് കയറ്റിയ ടോറസുകളുടെ ഇടതടവില്ലാതുള്ള പായ്ച്ചിലും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമായി. തുടര്‍ന്നാണ് മണല്‍ എടുക്കുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വ്യവസ്ഥകള്‍ പാലിക്കാതെ കഴിഞ്ഞ രാത്രിയിലും ടോറസുകളില്‍ മണല്‍ കടത്തിയത് സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വൈകീട്ട് ആറുവരെ അനുമതി നല്കി. എന്നാല്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ പൊഴിമുഖത്തുനിന്നും മണല്‍ എടുത്തതാണ് നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞത്.
ദുരന്ത നിവാരണത്തിനായി തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് എടുക്കാൻ തീരുമാനിച്ചതിലും അധികം മണല്‍ നീക്കം ചെയ്ത സാഹചര്യത്തില്‍ മണൽ ഖനനം അടിയന്തിരമായി നിർത്തണമെന്ന് കരിമണൽ ഖനന വിരുദ്ധ സംയുക്ത സമിതി കലക്ടറെ കണ്ട് ആവശ്യപ്പെട്ടു. ഇതിനായി 1.21 ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ എടുക്കാനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ 80,000 ക്യുബിക് മീറ്റർ മണല്‍ അധികം എടുത്തിരിക്കുകയാണ്.
ഇത് തിരികെ നിക്ഷേപിക്കണമെന്നും സംയുക്ത സമര സമിതി ജനറൽ കൺവീനർ ടി.എ. ഹാമിദ് , എ.ആർ കണ്ണൻ, എസ്. സുരേഷ് കുമാർ, നാസർ ആറാട്ടുപുഴ, ബി.ഭദ്രൻ, രാജേശ്വരി കൃഷ്ണൻ, പ്രസന്ന കുഞ്ഞുമോൻ, എൻ. ഷിനോയ്, ഇ. റിയാസ് എന്നിവർ ആവശ്യപ്പെട്ടു. കരയിൽനിന്നും മണലെടുക്കാൻ ചുമതലപ്പെടുത്തിയവർ കടലിൽ ഹിറ്റാച്ചികൾ ഇറക്കി സംസ്ഥാനത്ത് നിരോധിച്ച സീ വാഷിങ് നടത്തുന്നു.
പൊഴിമുഖത്ത് മൂന്ന് മീറ്ററിൽ കൂടുതൽ ആഴം പാടില്ലെന്ന നിർദേശം അവഗണിച്ച് ആഴം കൂട്ടിയത് മൂലം ഓരു വെള്ളം കുട്ടനാട്ടിൽ അമിതമായി കയറി. അമിത ഭാരം കയറ്റി 400 ഓളം ടോറസുകളാണ് സംസ്ഥാന പാതയിലൂടെ ദിവസവും കടന്നുപോകുന്നത്. ഇതുമൂലം റോഡും സമീപ വീടുകളും തകർന്നു. രാത്രി മണ്ണ് നിറച്ച ലോറികൾ വടക്ക് ഭാഗത്തേക്ക്പോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പരാതി പരിശോധിച്ച് നടപടിയെടുക്കാമെന്ന് കലക്ടർ ഉറപ്പുനൽകിയതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.