കടൽക്ഷോഭം; അമ്പലപ്പുഴയിൽ ഏഴ് വീടുകള്‍ തകര്‍ന്നു
text_fieldsഅമ്പലപ്പുഴ: അപ്രതീക്ഷിത കടലാക്രമണത്തില്‍ തകര്‍ന്ന് തീരവാസികളുടെ സ്വപ്ന കൂടാരങ്ങള്‍. ഞായറാഴ്ച അര്‍ധരാത്രിയോടെ തീരംകവര്ന്നെത്തിയ തിരമാലകള്‍ ഏഴ് വീടുകള്‍ തകര്‍ത്തു. പിഞ്ചുകുഞ്ഞുങ്ങളെ മാറോടണച്ച് വീടുവിട്ടോടിയതിനാല് ആളപായമുണ്ടായില്ല.
എട്ടോളം വീടുകൾ ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ തീരദേശത്ത് 14, 15 വാർഡുകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. ശക്തമായ വേലിയേറ്റത്തെ തുടർന്ന് കടൽ വെള്ളം കരയിലേക്ക് ഇരച്ചുകയറിയും ശക്തമായ തിരമാലയിലുമായിരുന്നു നാശനഷ്ടം.
കാക്കാഴം പുതുവൽ ബിനു, സുമി, ബിബിൻസ്, പ്രസാദ് ഗോപാലൻ, നാസിമി, സുബി പുതുവൽ, ആലിശ്ശേരി, ഉഷസിൽ ഷിബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. പുതുവൽ അനന്ദൻ, അശോകൻ, ദിവാകരൻ, സുരേന്ദ്രൻ, വെള്ളം തെങ്ങിൽ സാബു, ബാബു, സുബി, ഉഷസിൽ ഓമനക്കുട്ടൻ എന്നിവരുടെ വീടുകളാണ് തകർച്ച ഭീഷണി നേരിടുന്നത്.
15ാം വാർഡിൽ പുതുവൽ അജിമോൻ, മിനിൽകുമാർ, സുജാതൻ, മനീഷ, സുധീർ, സജീവൻ എന്നിവരുടേതുൾപ്പെടെ 20ഓളം വീടുകളിലാണ് വെള്ളംകയറിയത്. എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അഗ്നിശമനസേനയെത്തി വെള്ളം പമ്പുചെയ്തുനീക്കി. അഖിലിന്റെ ഷെഡ് പൊളിച്ചുമാറ്റുന്നതിനിടെ സുഹൃത്ത് ഹാരിസിന്റെ കാലിന് പരിക്കേറ്റു.
ഹാരിസിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളണമെന്ന് എച്ച്. സലാം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
എച്ച്. സലാം എം.എൽ.എ, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഹാരിസ്, പി.ജി. സൈറസ്, സി.പി.എം നീർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ദിലീഷ്, മത്സ്യത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി എസ്. സുദർശനൻ, പ്രസിഡന്റ് പ്രവീൺ യശോധരൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യംസ്, പഞ്ചായത്ത് അംഗങ്ങളായ അനിത സതീഷ്, സുനിത പ്രദീപ്, അസി. ഡയറക്ടർ സിബി സോമൻ, ഓഫിസർ പി.എസ്. സെറെസ്, വില്ലേജ് ഓഫിസർ എ. നൗഷാദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും
അമ്പലപ്പുഴ: വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ പുനർഗേഹം പദ്ധതിയിലും തോട്ടപ്പള്ളി ഫ്ലാറ്റിലും പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. കടലാക്രമണ ബാധിത സ്ഥലത്ത് പുലിമുട്ട് നിർമാണത്തിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് എം.എൽ.എ പറഞ്ഞു. തകർച്ച ഭീഷണിയിലായ വീടുകളുടെ സംരക്ഷണത്തിനായി, സമീപത്ത് നിർമാണം പൂർത്തിയാക്കിയ ടെട്രാപ്പോഡുകൾ താൽക്കാലികമായി എത്തിക്കാൻ നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.