ചാകരക്കോള് പ്രതീക്ഷിച്ച് തീരംതേടി മത്സ്യത്തൊഴിലാളികള്‍
text_fieldsഅമ്പലപ്പുഴ: ചാകരക്കോളുപ്രതീക്ഷിച്ച് തീരംതേടി മത്സ്യത്തൊഴിലാളികള്‍. പുറക്കാട് അയ്യന്‍കോവില്‍ തീരത്താണ് കഴിഞ്ഞ ദിവസം ചാകരത്തെളിവിന്റെ സൂചനകള്‍ ലഭിച്ചത്. ഇതോടെ മറ്റ് തീരങ്ങളില്‍ കയറ്റിവെച്ചിരുന്ന വള്ളങ്ങളുമായി തോഴിലാളികള്‍ തോട്ടപ്പള്ളി ഹാര്‍ബറിലേക്ക് പോകുകയാണ്.
കടല്‍ ശക്തമായതോടെ ലോറികളില്‍ കയറ്റിയാണ് വള്ളങ്ങള്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞ രണ്ടുദിവസമായി കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് മീനുകള്‍ കിട്ടാത്തതും ആശങ്കക്ക് വഴിയൊരുക്കി. ചാകര ഉറക്കാത്തതും ജില്ലയിൽ നിന്നുള്ള പരമ്പരാഗത മത്സ്യബന്ധനവള്ളങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. അടിക്കടി മാറുന്ന കാലാവസ്ഥ പ്രവചനവും കടലിലെ ശക്തമായ നീരൊഴുക്കും മത്സ്യബന്ധനത്തിന് തടസ്സമായി. ട്രോളിങ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ കരക്കു കയറിയതോടെ കൂടുതൽ മത്സ്യ കൊയ്ത്ത് പ്രതീക്ഷിച്ചിരുന്ന ചെറുകിട വള്ള ഉടമകൾ തീർത്തും നിരാശയിലാണ്. ആറാട്ടുപുഴ മുതൽ വടക്ക് പള്ളിത്തോട് മുതലുള്ള നൂറുകണക്കിന് വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ നങ്കുരമിട്ടിരിക്കുന്നത്. രണ്ടുദിവസം മുമ്പുവരെ ഇവിടെ നിന്ന് അപകടം കൂടാതെ വള്ളങ്ങൾക്ക് കടലിലേക്ക് പ്രവേശിക്കാമായിരുന്നു.
എന്നാൽ കാറ്റും കടലും ശക്തി പ്രാപിച്ചതോടെ ഇവിടെയും ദുരന്ത ഭീഷണിയാണുള്ളത്. തോട്ടപ്പള്ളി കൂടാതെ കാട്ടൂർ, ശാസ്ത്രി മുക്ക്, ചെത്തി, അർത്തുങ്കൽ തൈക്കൽ, കരൂർ, ആനന്ദേശ്വരം, പുന്നപ്ര ഫിഷ്ലാന്റ്, പറവൂർ ഗലീലിയ ഭാഗങ്ങളിലും ചാകര തെളിയാൻ സാധ്യതയുണ്ട്. കടലിൽ കൂറ്റൻതിര ഉയരുന്നതിനാൽ വള്ളങ്ങൾ ഏറെ പണിപ്പെട്ട് വലിയ ലോറിയിൽ കയറ്റിയാണ് ചാകര ഉറക്കാൻ സാധ്യതയുള്ള ഭാഗത്തേക്ക് കൊണ്ടുപോകുന്നത്. ഇതിന് വലിയ തുകയാണ് ചെലവു വരുന്നതെന്ന് വള്ള ഉടമകൾ പറഞ്ഞു. മുമ്പുണ്ടായിരുന്ന കടുത്ത മത്സ്യക്ഷാമം മൂലം പലരും വൻകടക്കെണിയിലാണ്.
മത്തിവില 400 കടന്നു
അമ്പലപ്പുഴ: വറുതിയില്പോലും കേള്‍ക്കാത്ത വിലയാണ് മത്തിക്ക്. കഴിഞ്ഞ രണ്ടു ദിവസമായി നാടന്‍മത്തി ചില്ലറവില്‍പ്പന 400 മുതല്‍ 440 വരെയാണ്. ട്രോളിങ് ആരംഭിച്ചതോടെ ബോട്ടുകള്‍ മത്സ്യബന്ധനം നടത്താത്തതും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളുടെ വരവ് നിലച്ചതുമാണ് വില കുതിച്ചുയരാൻ കാരണം. വള്ളക്കാര്‍ക്ക് കിട്ടുന്ന തുച്ചമായ മീനുകളാണ് മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ബുധനാഴ്ച തോട്ടപ്പള്ളി ഹാര്‍ബറില്‍ മത്തിക്ക് കിലോ 300 രൂപയായിരുന്നു വില. തമിഴ്നാട്ടില്‍ നിന്നാണ് മൊത്തവില്‍പ്പന മാര്‍ക്കറ്റുകളില്‍ വിവിധതരം മീന്‍ എത്തിയിരുന്നത്. അവിടെ 15 വരെയാണ് ട്രോളിങ്. ഗോവ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള മീനുകളും എത്താന്‍ തുടങ്ങിയില്ല. ചാകര തുടങ്ങിയാലെ മീനുകള്‍ക്ക് വില കുറയാന്‍ സാധ്യതയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.