'ബറക്ക' പ്രക്കാടും പിന്നീട് പുറക്കാടുമായി
text_fieldsഅമ്പലപ്പുഴ: ആദ്യകാലത്ത് കേരളത്തിലുണ്ടായിരുന്ന മൂന്ന് പ്രകൃതിദത്ത തുറമുഖങ്ങളിൽ പ്രഥമ സ്ഥാനമായിരുന്നു 'ബറക്ക', ബറക്കേ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പുറക്കാടിന്. യൂറോപ്യൻ രേഖകളിൽ പുറക്കാടിന് 'പെർക്കാ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിൽനിന്നാണ് 'പുറക്കാട്' എന്ന പേര് നിലവിൽ വന്നത്. പ്രാചീനകാലത്ത് ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിയോളം കയറിക്കിടന്നിരുന്ന കടൽ എ.ഡി നാലാം ശതകത്തോടെ പിന്മാറിയാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ ഉണ്ടായതെന്നാണ് അനുമാനം.
പുറക്കാട് ബുദ്ധമതത്തിന് ഏറെ പ്രചാരമായിരുന്നു. എ.ഡി പത്താം ശതകംവരെ പ്രശസ്തമായി തന്നെ നിലനിന്നിരുന്നു. കരുമാടിയിൽ സ്ഥാപിച്ച കരുമാടിക്കുട്ടൻ ബുദ്ധപ്രതിമ പുറക്കാട്ടെ തോട്ടപ്പള്ളിക്ക് സമീപത്തുനിന്ന് കണ്ടെടുക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു.
റോമാ സാമ്രാജ്യവുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന പ്രാചീനതുറമുഖങ്ങളിൽ ഒന്നാണിത്. പുറക്കാട് തുറമുഖ പട്ടണത്തിന് പേർഷ്യ, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ സമ്പൽ സമൃദ്ധിയെക്കുറിച്ചും വ്യാപാര അഭിവൃദ്ധിയെക്കുറിച്ചും പ്രമുഖ സഞ്ചാരികളുടെ കൃതികളിൽ പ്രതിപാദിച്ചിട്ടുണ്ട്. സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് ഒന്നാമതായിരുന്നു പുറക്കാട്.
വൈഡൂര്യം, പവിഴം, ചെമ്പ്, തകരം, ഈയം തുടങ്ങിയവ ഇവിടെ ഇറക്കുമതി ചെയ്തിരുന്നു. വാസ്കോഡഗാമയുടെ രണ്ടാമത്തെ പര്യടനവേളയിൽ പോർച്ചുഗീസുകാർ ആലപ്പുഴയുമായി ബന്ധം സ്ഥാപിച്ചത് പുറക്കാട് വഴിയാണ്. പിന്നീട് ഡച്ചുകാരും ഇംഗ്ലീഷുകാരും വ്യാപാരകേന്ദ്രങ്ങൾ ഇവിടെ സ്ഥാപിച്ചു. 1642ൽ ഡച്ചുകാർ ഇഞ്ചിയും കുരുമുളകും കയറ്റുമതി സംബന്ധിച്ച് പുറക്കാട് രാജാവുമായി ഉടമ്പടിയിലായി. അങ്ങനെയാണ് പുറക്കാട് ഒരു പാണ്ടികശാല സ്ഥാപിച്ചത്. ഇരുമ്പ്, തകരം, കറുപ്പ്, ചന്ദനത്തടി തുടങ്ങിയവക്ക് പകരമായി ഇവിടെനിന്ന് കുരുമുളക് കയറ്റി നൽകണമെന്നതായിരുന്നു വ്യവസ്ഥ. 17 ാം ശതകത്തിന്റെ രണ്ടാം പകുതിയിൽ ബ്രിട്ടീഷുകാരും പുറക്കാട് വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചു.
ഡച്ചുകാരും രാജാവുമായുള്ള വ്യാപാരസന്ധി മൂലം പുറക്കാട്ടെ ബ്രിട്ടീഷ് വ്യാപാരത്തിന് മാന്ദ്യം സംഭവിച്ചു. 1665-ൽ ഡച്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ യുദ്ധമുണ്ടായതോടെ വാണിജ്യകേന്ദ്രം ഡച്ചുകാർ പിടിച്ചെടുത്തു. 1862ൽ രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചതോടെ പുറക്കാട് തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞു. ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചതോടെയാണ് പുറക്കാട് വ്യാപാരം നിലച്ചത്. കടലാക്രമണത്തിലും മറ്റും തുറമുഖവും കാലക്രമേണ നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.