കലിയടങ്ങാതെ തെരുവുനായ്ക്കൾ; മുൻ പ്രവാസിക്കും അഞ്ചുവയസ്സുകാരനും കടിയേറ്റു
text_fieldsതെരുവുനായ്ക്കളുടെ അക്രമത്തിൽ വീണ് പരിക്കേറ്റ ഷംസുദ്ദീൻ
അമ്പലപ്പുഴ: തെരുവുനായ്ക്കളുടെ പരാക്രമം വർധിക്കുന്നു. ചൂട് കടുത്തതോടെ പരക്കംപായുന്ന നായ്ക്കൾ വീട്ടുമുറ്റത്ത് നിൽക്കുന്നവരുടെ നേരെയും പാഞ്ഞടുത്ത് അക്രമിക്കുകയാണ്. അമ്പലപ്പുഴയിലും കുട്ടനാട്ടിലും വ്യത്യസ്തങ്ങളായ നിരവധി സംഭവങ്ങളാണ് അടുത്തിടെ നടന്നത്. ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രി വളപ്പ് തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്.
വാഹനങ്ങളുടെ മുന്നിലേക്ക് ചാടിവീഴുന്ന സംഭവങ്ങൾ നിരവധിയാണ്. അടുത്ത ദിവസങ്ങളിൽ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ മുൻ പ്രവാസിയായ ഗൃഹനാഥൻ ചികിത്സയിലാണ്. പുന്നപ്ര തെക്ക് എട്ടാം വാർഡിൽ തെക്കേ കോയിക്കൽ വീട്ടിൽ ഷംസുദ്ദീനാണ്(55) ചികിത്സയിലുള്ളത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുട്ടിയെയും തെരുവുനായ കടിച്ചു.
എടത്വ പഞ്ചായത്ത് 11ാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ അഞ്ചുവയസുകാരന് തേജസിനാണ് പരിക്കേറ്റത്. ഇടുപ്പെല്ലിനും കാലിനും പരിക്കേറ്റ ഷംസുദ്ദീൻ ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ കിടപ്പിലാണ്.
വീട്ടിലേക്കുള്ള വഴിയിൽ കൂട്ടം കൂടികിടന്ന തെരുവുനായ്ക്കളാണ് ഷംസുദ്ദീനെ ആക്രമിച്ചത്. സ്വന്തമായി നടത്തുന്ന കടയിലേക്കുള്ള സാധനങ്ങളുമായി ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് കയറുന്നതിനിടെ തെരുവുനായ്ക്കൾ ഷംസുദ്ദീനുനേരെ പാഞ്ഞടുക്കുകയായിരുന്നു.
വാഹനം തിരിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയും പിന്നിൽ കൂട്ടത്തോടെ എത്തിയ നായ്ക്കൂട്ടം അക്രമിച്ചു. ഇതിനിടെ നിയന്ത്രണം തെറ്റിയ വാഹനം തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിച്ച് റോഡിൽ വീണു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് നായ്ക്കൂട്ടം പിൻമാറിയത്. വീഴ്ചയിൽ ഇടുപ്പെല്ലിനും കാലിന്റെ എല്ലുകൾക്കും പൊട്ടലേറ്റ ഷംസുദ്ദീൻ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു.
പിന്നീട് വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ ദിനചര്യകൾപോലും നടത്താൻ കഴിയാതെ കിടപ്പിലാണ്. രണ്ടര പതിറ്റാണ്ടോളം സൗദിയിൽ ഡ്രൈവർ ജോലി ചെയ്ത ഷംസുദ്ദീൻ പ്രമേഹത്തെത്തുടർന്നാണ് വിദേശമലയാളികളുടെ സഹായത്താൽ നാട്ടിലെത്തിയത്.
പിന്നീട് നാട്ടിലെ ചികിത്സക്കും ഭീമമായ തുകവേണ്ടിവന്നു. ബന്ധുക്കളുടെ സഹായത്താലാണ് ചെറിയൊരു പലചരക്കുകട തുടങ്ങുന്നത്. ഇതിനിടെയാണ് സ്വസ്ഥജീവിതം തകർത്ത് തെരുവുനായ്ക്കൾ ഷംസുദ്ദീനെ കിടപ്പിലാക്കിയത്. എടത്വയിൽ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ അക്രമിച്ച തെരുവുനായ വീടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുബാലനുനേരെ പാഞ്ഞടുക്കുകയായിരുന്നു.
നിലത്തുവീണ കുട്ടിയുടെ തലക്കും കണ്ണിനും കൈക്കും വയറിലും കടിയേറ്റു. ഗുരുതര പരിക്കുകളോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിലൂടെ നടന്നുപോയ പെൺകുട്ടിയുടെ വസ്ത്രങ്ങള്‍ കടിച്ചുകീറിയെങ്കിലും ചെറിയപരിക്കുകളാണുള്ളത്.
പെണ്‍കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയെ അക്രമിച്ചശേഷം തെരുവുനായ ഓടി രക്ഷപെട്ടു. കാവാലത്തും പരിസരപ്രദേശങ്ങളിലും തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.