‘സുഭിക്ഷ’മായി ഭക്ഷണം വിളമ്പി ജീവിതം ‘പ്രസന്ന’മാക്കി വീട്ടമ്മ
text_fieldsഅമ്പലപ്പുഴ: എരിയുന്ന വയറിന് ‘സുഭിക്ഷ’മായി ഭക്ഷണം നല്കി ജീവിതം ‘പ്രസന്ന’മാക്കുകയാണ് ഒരു വീട്ടമ്മ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് വലിയകുളങ്ങര വീട്ടില്‍ പ്രസന്നയാണ് വിശന്നെത്തുന്നവര്‍ക്ക് തൃപ്തി അറിഞ്ഞ് സുഭിക്ഷമായി അന്നം വിളമ്പുന്നത്. പുന്നപ്ര പോളിടെക്നിക് ഹോസ്റ്റലിന് കിഴക്ക് സിവിൽ സപ്ലൈസിന്റെ സുഭിഷ പദ്ധതിയില്‍ ഹോട്ടല്‍ നടത്തുകയാണ് പ്രസന്ന. രണ്ട് ഒഴിച്ചുകറിയും തോരന്‍ ഉള്‍പ്പെടെ മൂന്ന് തൊടുകറിയുമുള്ള ഊണിന് 20 രൂപയേ വിലയുള്ളൂ. ഊണിനേക്കാള്‍ പ്രിയം ഇവിടത്തെ സ്പെഷല്‍ ഐറ്റത്തിനാണ്. ബീഫ് ഫ്രൈ, പോട്ടി, മീന്‍കറി, മീന്‍വറ്റിച്ചത്, മീന്‍പൊരിച്ചത്, കക്കായിറച്ചി, ചെമ്മീന്‍ ഫ്രൈ ഇവയില്‍ ഏത് വാങ്ങിയാലും 30 രൂപ മാത്രം. ഉച്ചയൂണ് മാത്രമാണ് ഇവിടെ ഉള്ളത്. ദിവസം 400 ഊണ് വരെ ചെലവാകും. ഓര്‍ഡര്‍ അനുസരിച്ച് പൊതികളാക്കിയും നല്‍കാറുമുണ്ട്. മൂന്ന് സ്ത്രീകളും ജോലിക്കാരായുണ്ട്. ഊണിന് സര്‍ക്കാര്‍ സബ്സിഡിയായി അഞ്ച് രൂപ കിട്ടും.
നാട്ടുപണികള്‍ ചെയ്ത് കുടുംബം പോറ്റുന്നതിനിടെ ഭര്‍ത്താവ് ജയന് മാനസിക വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. അന്ന് ആറും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഭർതൃമാതാവും നേരത്തെതന്നെ മാനസികവെല്ലുവിളി നേരിടുന്നതിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവിനും രോഗം പിടിപെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ പ്രസന്ന ആദ്യം ഒന്നു പതറി.
ആദ്യം പാചകക്കാരോടൊപ്പം സഹായിയായി പോയി. വല്ലപോഴും കിട്ടുന്ന തുച്ഛമായ വരുമാനം ചികിത്സക്കും വീട്ടുചെലവിനും തികയാതെ വന്നു. പിന്നീട് ഹോട്ടലുകളില്‍ പാചകത്തിനും ഭക്ഷണം സപ്ലൈ ചെയ്യാനും പോയി. നല്ലൊരു അനൗണ്സര് കൂടിയാണ് പ്രസന്ന. കോവിഡ് കാലം ജീവിതം തളര്‍ത്തി. പിന്നീടാണ് വീട്ടില്‍ ഊണുമായി രംഗത്തെത്തുന്നത്. പാചകവും വിളമ്പും എല്ലാം ഒറ്റക്ക്. ഭക്ഷണം കഴിക്കാനെത്തിയവരുടെ പ്രോത്സാഹനമാണ് സുഭിഷ പദ്ധതി തെരഞ്ഞെടുക്കാന്‍ കാരണം. തുടക്കം വീട്ടില്‍ തന്നെയായിരുന്നു. തിരക്ക് കൂടിയപ്പോള്‍ വീടിന് അടുത്ത സ്ഥലത്ത് ഷെഡ് പണിത് അവിടേക്ക് മാറി. മകന് അനന്തുവും ഒപ്പമുണ്ട്. മൂത്തമകന് ജിഷ്ണു വെല്‍ഡിങ് ജോലികള്‍ ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.