സ്വരാജ് ട്രോഫി; നേട്ടം കൊയ്ത് പുന്നപ്ര തെക്ക്, മുട്ടാർ പഞ്ചായത്തുകൾ
text_fieldsഅമ്പലപ്പുഴ/ കുട്ടനാട്: സംസ്ഥാന സർക്കാറിന്റെ 2022-23 വർഷത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയിൽ നേട്ടം കരസ്ഥമാക്കി പുന്നപ്ര തെക്ക്, മുട്ടാർ പഞ്ചായത്തുകൾ. സംസ്ഥാന തലത്തിൽ പുന്നപ്ര തെക്ക് ഒന്നും മുട്ടാർ രണ്ടും സ്ഥാനം നേടി.
പഞ്ചായത്തിന് കീഴിലുള്ള മൂന്ന് സർക്കാർ സ്കൂളുകളിലെ 927 വിദ്യാർഥികൾക്ക് ബെഞ്ചിനും ഡെസ്ക്കിനും പകരം വൺ ടേബിൾ വൺ ചെയർ പദ്ധതി പൂർണമായും നടപ്പാക്കിയ സംസ്ഥാനത്തെ ഏകപഞ്ചായത്താണ് പുന്നപ്ര തെക്ക്.
അജൈവ മാലിന്യം കലണ്ടർ നടപ്പാക്കി ശേഖരിക്കൽ, ജലജീവൻ കണക്ഷൻ, അധിക ദാരിദ്ര്യ നിർമാർജനത്തിനുള്ള മൈക്രോ പ്ലാൻ പദ്ധതി തുടങ്ങിയവയും സംസ്ഥാനത്ത് ആദ്യമായി പ്രാവർത്തികമാക്കിയെന്ന പ്രത്യകതയും പുന്നപ്ര തെക്ക് പഞ്ചായത്തിനാണ്.
ദേശീയ പാത വികസനവുമായി പൊളിച്ചു നീക്കിയ മാർക്കറ്റ് സമുച്ചയത്തിനു പകരം പുതിയത് നിർമാണത്തിലാണ്. മൈസൂർ, പഞ്ചാബ് അടക്കം രണ്ട് ദേശീയ വർക്ഷോപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതായും പ്രസിഡന്റ് പി.ജി. സൈറസ് പറഞ്ഞു
തനത് ഫണ്ട് കുറവുള്ള സംസ്ഥാനത്തെ പഞ്ചായത്തുകളിലൊന്നാണ് മുട്ടാർ. പരിമിതികൾക്കുള്ളിൽ നിന്ന് മികച്ചതും മാതൃകാപരവുമായ പ്രകടനം കാഴ്ചവെച്ചതിനാണ് മുട്ടാർ പഞ്ചായത്തിന് ഈ അവാർഡ് ലഭ്യമായത്. കേന്ദ്ര സംസ്ഥാന സർക്കാർ നൽകിയ എല്ലാവിധ ഫണ്ടുകളും 100 ശതമാനം ചെലവഴിച്ചു, 100ശതമാനം നികുതിപിരിവ്, പഞ്ചായത്തിലെ സേവനങ്ങളുടെ കൃത്യത, മാലിന്യമുക്ത നവകേരള പ്രവർത്തനങ്ങൾ, തുടർച്ചയായി 100 ശതമാനം യൂസർ ഫീസ് കളക്ഷൻ, ഹരിത കർമസേന പ്രവർത്തനങ്ങൾ, പരാതിപരിഹാര സംവിധാനങ്ങൾ, കാർഷിക മേഖലയിലെ ' ഇടപെടലുകൾ, ബന്ദിപൂകൃഷി, വയോജന ഭിന്നശേഷി പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ തുടങ്ങിയവ മികച്ച രീതിയിൽ നടപ്പാക്കുന്നു. ഭരണസമിതിയുടെയും ജീവനക്കാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കുട്ടായ പ്രവർത്തനവും ആസൂത്രണ സമിതി വർക്കിങ് ഗ്രൂപ്പ് അംഗങ്ങളുടെയും നാട്ടുകാരുടെയും പൂർണ സഹകരണവും പഞ്ചായത്തിന് ലഭിച്ചതിനാലാണ് അവാർഡ് കരസ്ഥമാക്കാൻ സാധിച്ചതെന്ന് പ്രസിഡന്റ് കെ.സുരമ്യ, വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സെക്രട്ടറി ബിനു ഗോപാൽ എന്നിവർ അറിയിച്ചു.
മഹാത്മ പുരസ്കാരം: ജില്ലയിൽ ഒന്നാമതെത്തി കഞ്ഞിക്കുഴി
കഞ്ഞിക്കുഴി: മഹാത്മ പുരസ്കാരത്തിൽ തിളങ്ങി കഞ്ഞിക്കുഴി പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളിൽ ജില്ലതലത്തിൽ ഒന്നാമതെത്തിയാണ് നേട്ടം കൈവരിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തനങ്ങളടക്കം നേട്ടത്തിന് തുണയായി. 18 വാർഡുകളിലായി തൊഴിൽ ആവശ്യപ്പെട്ട 3545 കുടുംബങ്ങൾക്ക് 3,23,722 തൊഴിൽ ദിനങ്ങൾ നൽകി. അതിൽ 2683 കുടുംബങ്ങൾ 100 ദിവസം പൂർത്തിയാക്കി.
ശരാശരി തൊഴിൽ ദിനം 92.06 ശതമാനം സൃഷ്ടിച്ചാണ് കേരളത്തിൽ തന്നെ ഒന്നാമതായി നേട്ടം സ്വന്തമാക്കിയത്.വൈദഗ്ധ്യമുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയാറാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.