അപകട കവാടമായി തകഴി റെയില്‍വേ ക്രോസ് യാത്രക്കാർ ജാഗ്രതൈ...
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല റോഡില്‍ ഇരുചക്രവാഹനത്തിലുള്ള രാത്രി യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അപകടക്കെണിയൊരുക്കി തകഴി റെയില്‍വേ ക്രോസ് കാത്തിരിക്കുകയാണ്. കൂറ്റന്‍ മെറ്റലുകള്‍ വിരിച്ച ക്രോസില്‍ പകല്‍പോലും നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. സ്ത്രീകളും കുട്ടികളുമാണ് അധികവും. കഴിഞ്ഞദിവസം നടന്ന അറ്റകുറ്റപ്പണിക്കുശേഷമാണ് ക്രോസ് ദുരിതം നിറഞ്ഞ പാതയായി മാറിയത്. അറ്റകുറ്റപ്പണിക്ക് ശേഷം റെയിൽവേ ഗേറ്റ് തുറന്നെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല.
നവംബർ 23നാണ് അഞ്ചുദിവസത്തെ അറ്റകുറ്റപ്പണിക്കായി തകഴി റെയിൽവേ ഗേറ്റടച്ചത്. എന്നാൽ ചക്കുളത്തുകാവ് പൊങ്കാല കണക്കിലെടുത്ത് തിടുക്കത്തിൽ പ്രവൃത്തികള്‍ പൂർത്തിയാക്കിയത്. പൊങ്കാലക്ക് മുമ്പായി ഗേറ്റ് തുറന്നും കൊടുത്തു. അറ്റകുറ്റപ്പണി പാതിവഴിയിലായതോടെ കല്ലുകൾ റോഡിന് മുകളിൽ പൊങ്ങി നിൽക്കുകയാണ്. ഇതിലൂടെ പോകുന്ന ഇരുചക്രവാഹനക്കാരുടെ നടുവൊടിക്കുകയാണ്. കല്ലുകളിൽത്തട്ടി നിയന്ത്രണം വിടുന്നതും വാഹനങ്ങൾ റോഡിന് നടുക്ക് നിന്നുപോകുന്നതും പതിവാണ്. ഇത് വലിയ അപകടങ്ങൾക്കും കാരണമാകുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്. ചെറുവാഹനങ്ങളും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. പ്രതിദിനം ദീർഘ ദൂര കെ.എസ്.ആർ ടി.സി ബസുകളും ചരക്കുലോറികളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ സംസ്ഥാന പാതയെ ആശ്രയിക്കുന്നത്. എന്നിട്ടും യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് റെയിൽവേ. കല്ലുകൾ ഇങ്ങനെ കിടക്കുന്നത് രാത്രി ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രദര്ശനം കഴിഞ്ഞ് ചക്കുളത്തുകാവ് വഴിപോകുന്ന അയ്യപ്പഭക്തര്‍ക്കും റെയില്‍വേ ക്രോസ് ദുരിതം വിതക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.